ഡിഎംഎ രചനോത്സവം 13 ന്
Friday, January 11, 2019 7:12 PM IST
ന്യൂഡൽഹി: പ്രവാസികളുടെ കലാഭിരുചികൾ കണ്ടെത്തി അവയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡൽഹി മലയാളി അസോസിയേഷൻ നടത്തുന്ന രചനോത്സവം ജനുവരി 13 നു (ഞായർ) നടക്കും. ആർകെ. പുരത്തെ ഡിഎംഎ. സാംസ്കാരിക സമുച്ചയത്തിൽ രാവിലെ 9ന് സെന്‍റർ ഫോർ എക്സ്റ്റൻഷൻ എഡ്യൂക്കേഷൻ, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി, ഡയറക്ടർ, ഡോ. എം. ചന്ദ്രശേഖരൻ നായർ പരിപാടി ഉദ്ഘാടനം ചെയ്യും. ഡോ. എൻ. നിഷാ റാണി, ഡിഎംഎ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിക്കും.

കവിതാ പാരായണം, കുട്ടിക്കവിതകൾ, പ്രസംഗ മത്സരം, കാർട്ടൂൺ രചന, പെൻസിൽ ചിത്രരചന, വാട്ടർ കളർ, ക്രയോൺ എന്നീ ഇനങ്ങളിലായി അഞ്ഞൂറിൽപ്പരം കലാകാരന്മാർ ഡിഎംഎ കലോത്സവം 2019-ന്‍റെ ഭാഗമായി നടക്കുന്ന രചനോത്സവത്തിൽ തങ്ങളുടെ കഴിവുകൾ തെളിയിക്കും.

ഫൈനൽ മത്സരങ്ങൾ ജനുവരി 26-നും 27-നും വികാസ് പുരി കേരളാ സ്കൂളിലും മേഖലാതല മത്സരങ്ങൾ ജനുവരി 20 ന് (ഞായർ) കാനിംഗ് റോഡ് കേരളാ സ്‌കൂൾ, ഡിഎംഎ സാംസ്കാരിക സമുച്ചയം, വികാസ് പുരി കേരളാ സ്‌കൂൾ എന്നിവിടങ്ങളിൽ ഒരുക്കുന്ന അഗ്നി, ഇന്ദു, നേത്ര, ഋതു എന്നീ നാലു വേദികളിലുമായി അരങ്ങേറും.

വിവരങ്ങൾക്ക് ‌: 26195511, 9910439595.

റിപ്പോർട്ട്: പി.എൻ. ഷാജി