സ്വിസ് തൊഴിലില്ലായ്മ പത്തു വർഷത്തെ കുറഞ്ഞ നിരക്കിൽ
Wednesday, January 9, 2019 9:34 PM IST
ജനീവ: സ്വിറ്റ്സർലൻഡിൽ കഴിഞ്ഞ വർഷം പ്രതിമാസ ശരാശരി തൊഴിലില്ലായ്മാ നിരക്ക് 2.6 ശതമാനം. പത്തു വർഷത്തിനിടയിലുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിതെന്ന് സ്റ്റേറ്റ് സെക്രട്ടേറിയറ്റ് ഫോർ ഇക്കണോമിക് അഫയേഴ്സ് സാക്ഷ്യപ്പെടുത്തുന്നു.

2017ലെ പ്രതിമാസ ശരാശരി 3.2 ശതമാനമായിരുന്നു. 2016ൽ 3.3 ശതമാനവും. സ്വിസ് സന്പദ് വ്യവസ്ഥയും തൊഴിൽ വിപണിയും തികച്ചും ആരോഗ്യകരമായ അവസ്ഥയിൽ തുടരുന്നതിന്‍റെ സൂചനയായാണ് തൊഴിലില്ലായ്മ നിരക്കിലെ കുറവ് വിലയിരുത്തപ്പെടുന്നത്.

എണ്ണമെടുത്താൽ ശരാശരി 118,103 പേരാണ് കഴിഞ്ഞ വർഷം പ്രതിമാസം ജോലിയില്ലാതെ നിന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 25,039 പേരുടെ കുറവ്. യുവാക്കളെ മാത്രം കണക്കിലെടുക്കുന്പോൾ 2.4 ശതമാനമാണ് കഴിഞ്ഞ വർഷത്തെ പ്രതിമാസ ശരാശരി തൊഴിലില്ലായ്മാ നിരക്ക്. ഇതും തൊട്ടു മുൻ വർഷത്തെ അപേക്ഷിച്ച് 0.7 ശതമാനം കുറവാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ