തണുത്തുവിറച്ച് ബംഗളൂരു
Monday, January 7, 2019 7:06 PM IST
ബംഗളൂരു: ഉദ്യാനനഗരിയും അതിശൈത്യത്തിന്‍റെ പിടിയിൽ. നഗരത്തിന്‍റെ പലഭാഗങ്ങളിലും രാവിലെ മഞ്ഞുവീഴ്ച ശക്തമാണ്. പകൽ സമയത്തും തണുപ്പിന് ശമനമില്ല. നഗരത്തിൽ ഈ ദിവസങ്ങളിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 13 ഡിഗ്രി സെൽഷ്യസും കൂടിയത് 28 ഡിഗ്രി സെൽഷ്യസുമാണ്. എന്നാൽ കഴിഞ്ഞയാഴ്ച വടക്കൻ ബംഗളൂരുവിൽ ഒമ്പത് ഡിഗ്രി സെൽഷ്യസ് വരെ താപനില താഴ്ന്നിരുന്നു. ബംഗളൂരു നഗരത്തിൽ 12.4 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തി.

സാധാരണഗതിയിൽ ബംഗളൂരുവിൽ ഡിസംബർ 15നും ജനുവരി 15നുമിടയിലാണ് ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നത്. വരുംദിവസങ്ങളിലും തണുപ്പിന് ശമനമുണ്ടാകാൻ സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

സമീപകാലത്തെ ഏറ്റവും തണുപ്പേറിയ പ്രഭാതങ്ങളാണ് ബംഗളൂരുവിൽ ഇപ്പോൾ. 1984 ജനുവരി 13നായിരുന്നു ബംഗളൂരുവിൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. അന്ന് 7.8 ഡിഗ്രി സെൽഷ്യസായിരുന്നു താപനില.