കോടതി തടഞ്ഞു; നഴ്സുമാര്‍ക്കെതിരേയുള്ള പ്രതികാര നടപടി അവസാനിപ്പിച്ചു
Monday, January 7, 2019 3:53 PM IST
ന്യൂഡൽഹി: സമരം നടത്തിയ നഴ്സുമാര്‍ക്കെതിരേയുള്ള പ്രതികാര നടപടികള്‍ അവസാനിപ്പിച്ച് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രി റിപ്പോര്‍ട്ട് നല്‍കി. ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ്‌ നഴ്സുമാര്‍ക്ക് ആശ്വാസം പകരുന്ന ആശുപത്രിയുടെ നടപടി.

സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണം രൂപീകൃതമായ കമ്മിറ്റി നിര്‍ദേശിച്ച ശമ്പളം നല്‍കുക,
തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 2018 നവംബറിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ നേതൃത്വത്തിലായിരുന്നു സമരം.

പത്ത് ദിവസത്തിലധികം നീണ്ട സമരം അസിസ്റ്റന്‍റ് ലേബര്‍ കമ്മീഷറുടെ നേതൃത്വത്തിലുള്ള
ചര്‍ച്ചയെ തുടര്‍ന്ന് രമ്യമായി ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു. സമരത്തിന്‌ നേതൃത്വം നല്‍കിയ
നഴ്സുമാര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടാകില്ല എന്ന്‍ ചര്‍ച്ചയുടെ സമയത്ത് ഉറപ്പ്
നല്‍കിയിരുന്നെങ്കിലും പിന്നീട് പലര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് അയക്കുന്നതടക്കം
ആശുപത്രി അധികൃതര്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുകയായിരുന്നു. കരാര്‍ കാലാവധി
അവസാനിച്ചവര്‍ക്ക് കരാര്‍ പുതുക്കി നല്‍കാതിരിക്കുക, തൊഴില്‍ പരിചയ രേഖ നല്‍കാതിരിക്കുക
തുടങ്ങിയ നടപടികളും ആശുപത്രി അധികൃതര്‍ ഭാഗത്ത് നിന്നുമുണ്ടായി.
ഇതിനെതുടർന്നാണ് പ്രവാസി ലീഗല്‍ സെല്ലിന്‍റെ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹാം
മുഖേന യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

ഹര്‍ജി പരിഗണിച്ച കോടതി നാലാഴ്ചയ്ക്കകം നഴ്സുമാരുടെ അവകാശങ്ങള്‍
സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ ലേബര്‍
കമ്മീഷണറോട് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ്‌ ആശുപത്രി അധികൃതര്‍ നിലപാട് മാറ്റിയത്.
ആവശ്യമുള്ള നഴ്സുമാര്‍ക്ക് തൊഴില്‍ പരിചയ രേഖകള്‍ നല്‍കുമെന്നും യാതൊരു വിധ
പ്രതികാരനടപടികളും സ്വീകരിക്കുകയില്ലെന്നും അസിസ്റ്റന്‍റ് ലേബര്‍ കമ്മീഷണര്‍ക്കും പ്രവാസി
ലീഗല്‍ സെല്ലിനും ആശുപത്രി അധികൃതര്‍ രേഖാമൂലം ഉറപ്പു നല്‍കി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്