മാലിന്യമിട്ടാൽ പിടിവീഴും: നഗരത്തിൽ കൺട്രോൾ റൂം തുറക്കുന്നു
Monday, December 24, 2018 7:35 PM IST
ബംഗളൂരു: നഗരത്തിലെ മാലിന്യനീക്കം നിരീക്ഷിക്കാൻ ബിബിഎംപിയുടെ നേതൃത്വത്തിൽ കൺട്രോൾ റൂം തുറക്കുന്നു. ബിബിഎംപി ആസ്ഥാനത്ത് 85 കോടി രൂപ ചെലവിൽ‌ നിർമിക്കുന്ന കൺട്രോൾ റൂമിൽ മൂന്നു ഷിഫ്റ്റുകളിലായി പത്തോളം ജീവനക്കാരെയും നിയമിക്കും. പൊതുജനങ്ങളുടെ പരാതികൾ സ്വീകരിക്കാനും കൺട്രോൾ റൂമിൽ സൗകര്യമുണ്ടായിരിക്കും.

ഇതിനു മുന്നോടിയായി നഗരത്തിൽ മാലിന്യം ശേഖരിക്കുന്ന നാലായിരത്തോളം ഓട്ടോറിക്ഷകളിലും അഞ്ഞൂറോളം ടിപ്പറുകളിലും ജിപിഎസ് സംവിധാനം ഘടിപ്പിച്ചിട്ടുണ്ട്. സ്ഥിരമായി മാലിന്യങ്ങൾ നിക്ഷേപിക്കുന്ന വിവിധ കേന്ദ്രങ്ങളിലായി 900-ത്തോളം കാമറകളും സ്ഥാപിച്ചുകഴിഞ്ഞു. വാഹനങ്ങളുടെ ജിപിഎസ് വിവരങ്ങളും കാമറകളിൽ നിന്നുള്ള ദൃശ്യങ്ങളും തല്സമയം കൺട്രോൾ റൂമിലെ വലിയ സ്ക്രീനുകളിൽ കാണാനാകും. ഇതു പരിശോധിച്ച ശേഷം നഗരത്തിലെ മാലിന്യനീക്കം വിലയിരുത്തും. യഥാസമയം മാലിന്യം നീക്കംചെയ്യുന്നില്ലെങ്കിൽ അതാത് പ്രദേശത്തെ കരാറുകാരിൽ നിന്ന് വിശദീകരണം തേടും.

ഇതിനു പുറമേ, അനധികൃതമായി മാലിന്യം തള്ളുന്ന പ്രദേശങ്ങളിലും കാമറകൾ ഘടിപ്പിക്കാൻ ബിബിഎംപി ഒരുങ്ങുകയാണ്. ഇവിടെനിന്നുള്ള ദൃശ്യങ്ങൾ കൂടി കൺട്രോൾ റൂമിലെത്തുന്നതോടെ അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താനാകുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.