എസ്ഡിഎം കാന്‍സര്‍ റിലീഫ് ഫണ്ട് സഹായം വിതരണം ചെയ്തു
Monday, December 10, 2018 2:22 PM IST
ലോസ് ആഞ്ചലസ് : ലോസ് ആഞ്ചലസ് ആസ്ഥാനമായി കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധികമായി കേരളത്തിലെ നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമേകുന്ന 'സുസന്‍ ഡാനിയേല്‍ മെമ്മോറിയല്‍ കാന്‍സര്‍ റിലീഫ് ഫണ്ടി'ന്റെ സഹായം കോട്ടയം കാരിത്താസ് ആശുപത്രി, തിരുവനതപുരം റീജിണല്‍ കാന്‍സര്‍ സെന്റര്‍, തൃശൂര്‍ അമല ഹോസ്പിറ്റല്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ വിതരണം ചെയ്തു.

നവംബര്‍ ഇരുപത്തിയേഴിനു തെള്ളകത്തുള്ള കാരിത്താസ് ഹോസ്പിറ്റലില്‍ വച്ചുനടന്ന ലളിതമായ ചടങ്ങില്‍വെച്ചു നാല്പതിലധികം രോഗികള്‍ സഹായം ഏറ്റുവാങ്ങി. പീറ്റര്‍ റോഡേ ഹാളില്‍വെച്ചുനടന്ന പരിപാടി എസ്ഡിഎം കാന്‍സര്‍ റിലീഫ് ഫണ്ട് സ്ഥാപകനും ചെയര്‍മാനുമായ മാത്യു ഡാനിയല്‍ ഉത്ഘാടനം ചെയ്തു.കഴിഞ പതിമൂന്നുവര്ഷമായി കാരിത്താസിലെ അര്‍ബുദ രോഗികള്‍ക്ക് സഹായമെത്തിക്കാന്‍ കഴിഞ്ഞതില്‍ ട്രസ്റ്റിനുള്ള ചാരിതാര്‍ഥ്യം വെളിപ്പെടുത്തിയ അദ്ദേഹം ഈ ഉദ്യമത്തോടു സഹകരിക്കുന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് ആനിമൂട്ടില്‍ അധ്യക്ഷനായ ചടങ്ങില്‍ അര്‍ബുദ രോഗ വിദഗ്ദനായ ഡോ.മനു ജോണ്‍, ഡോ.ബോബി എബ്രഹാം, ഡോ.ജോസ് ടോം, ഡോ.സാജന്‍ തോമസ് എന്നിവര്‍ സംസാരിച്ചു. ഡോ. മേരി കളപ്പുരക്കല്‍ നന്ദി പ്രകാശിപ്പിച്ചു.

തൃശൂര്‍ അമല ആശുപത്രിയിലെ സഹായവിതരണം അനില്‍ അക്കര എംഎല്‍എ നിര്‍വഹിച്ചു.നാല്പതോളം പേര്‍ സഹായമേറ്റുവാങ്ങിയ ചടങ്ങില്‍ സൂസന്‍ ഡാനിയല്‍ മെമ്മോറിയല്‍ ട്രസ്റ്റ് പ്രതിനിധി കെ എസ് ബാലചന്ദ്രന്‍, ആശുപത്രി ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കുരിശേരി,അസ്സോസിയേറ്റ് ഡയറക്ടര്‍മാരായ ഫാ. ഡെല്‍ജോ പുത്തൂര്‍,.ഫാ.തോമസ് വാഴക്കാല,ഡോ സൗരവ് രാധാകൃഷ്ണന്‍,ഡോ പോള്‍ ഗോപു എന്നിവര്‍ സംസാരിച്ചു.

തിരുവന്തപുരം ആര്‍സിസിയില്‍ നടന്ന പരിപാടിയില്‍ അന്‍പതു രോഗികള്‍ക്കുള്ള സഹായം ഡോ പി ടി ലത വിതരണചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിലവില്‍ നാല്‍പത്തിയൊന്ന് പേര്‍ക്കാണ് സഹായമെത്തിച്ചത്.ഇവിടെ കൂടുതല്‍ പേര്‍ക്കുകൂടി സഹായമെത്തിക്കുമെന്നു ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സാന്റി പ്രസാദ്