ശാന്തരാകാൻ ജനങ്ങളോട് ഫ്രഞ്ച് സർക്കാരിന്‍റെ അഭ്യർഥന
Saturday, December 8, 2018 9:21 PM IST
പാരീസ്: പ്രക്ഷോഭം അവസാനിപ്പിച്ച് ശാന്തരാകാൻ ഫ്രഞ്ച് സർക്കാർ ജനങ്ങളോട് അഭ്യർഥിച്ചു. നവംബർ 17 മുതലാണ് രാജ്യത്ത് നികുതി വർധനയ്ക്കെതിരേ മഞ്ഞക്കുപ്പായമണിഞ്ഞ് ജനങ്ങൾ തെരുവിലിറങ്ങാൻ തുടങ്ങിയത്. നികുതി വർധന പിൻവലിച്ചിട്ടും മറ്റു വിഷയങ്ങളിൽ പ്രക്ഷോഭം തുടരുകയാണ്.

പ്രതിഷേധം പലയിടത്തും അക്രമാസക്തമായി. നാലുപേർ മരിച്ചു. നൂറിലധികംപേർക്ക് പരിക്കേറ്റു. ഇരുനൂറിലധികം വാഹനങ്ങൾക്ക് തീയിട്ടു. ഒട്ടേറെ കടകൾ എറിഞ്ഞുതകർത്തു. സ്കൂൾസംവിധാനങ്ങൾ മാറ്റുന്നതിനുനേരെയുണ്ടായ പ്രതിഷേധത്തിൽ വ്യാഴാഴ്ച 140 പേർ അറസ്റ്റിലായി.

പ്രതിഷേധങ്ങളെക്കുറിച്ച് ഫ്രഞ്ച് പ്രസിഡന്‍റ് എമ്മാനുവൽ മാക്രോണ്‍ ഇതുവരെ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, ഉയർന്ന വരുമാനക്കാരിൽ നിന്ന് അധികനികുതി ഈടാക്കാനുള്ള നിർദേശവുമായി മുന്നോട്ടുപോകുമെന്നാണ് അദ്ദേഹത്തിന്‍റെ ഓഫീസ് പറയുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ