ബ്രെക്സിറ്റ് കരാറിനായി ബ്രിട്ടന്‍റെ കഠിനാധ്വാനം
Saturday, October 13, 2018 8:19 PM IST
ലണ്ടൻ: ബ്രെക്സിറ്റ് കരാർ യാഥാർഥ്യമാക്കാൻ ബ്രിട്ടീഷ് പ്രതിനിധികൾ രാപകലില്ലാതെ കഷ്ടപ്പെടുകയാണെന്ന് യൂറോപ്യൻ യൂണിയൻ ചർച്ചാ സംഘത്തലവൻ മിച്ചല് ബാർനിയർ.

അടുത്ത ആഴ്ച നടക്കാനിരിക്കുന്ന യൂറോപ്യൻ ഉച്ചകോടിക്കു മുന്പ് കരാറിൽ അന്തിമ ധാരണയിലെത്താനാണ് ബ്രിട്ടന്‍റെ ശ്രമം. എന്നാൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ മുന്നോട്ടു വയ്ക്കുന്ന നിർദേശങ്ങൾ യൂറോപ്പിനു പൂർണമായി അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്നും ബാർനിയർ വ്യക്തമാക്കി.

ചെക്കേഴ്സ് പ്ലാൻ എന്നറിയപ്പെടുന്ന തെരേസയുടെ പദ്ധതിക്ക് സ്വന്തം പാർട്ടിക്കുള്ളിൽ പോലും അംഗീകാരം ലഭിച്ചിട്ടില്ല. ഇതു പാർലമെന്‍റിലും പരാജയപ്പെടാൻ സാധ്യത നിലനിൽക്കുന്പോഴാണ് ബാർനിയറും എതിർപ്പ് പരസ്യമാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് കന്പനികൾക്ക് യൂറോപ്യൻ സ്ഥാപനങ്ങളുടെ മേൽ അന്യായമായ മുൻതൂക്കം ലഭിക്കുന്ന തരത്തിലാണ് തെരേസയുടെ പദ്ധതിയെന്നും അദ്ദേഹം ആരോപിക്കുന്നു. എന്നാൽ, ബ്രിട്ടനു ഹിതകരമല്ലെന്ന് ആരോപിച്ചാണ് ചെക്കേഴ്സ് പ്ലാനിനെ ബ്രിട്ടനിലെ പ്രതിപക്ഷവും തെരേസയുടെ സ്വന്തം പാർട്ടിയിലെ വലിയൊരു വിഭാഗവും എതിർക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ