സ്വിറ്റ്സർലൻഡിൽ ആദ്യ കാർ പൂൾ ലെയ്ൻ തുറക്കുന്നു
Thursday, October 11, 2018 10:25 PM IST
ജനീവ: സ്വിറ്റ്സർലൻഡിൽ ഗതാഗതത്തിരക്ക് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ആദ്യത്തെ കാർ പൂൾ ലെയ്ൻ തുറക്കുന്നു. ജനീവയ്ക്കടുത്ത്, തോനക്സ് വല്ലാർഡ് ബോർഡർ ക്രോസിംഗിലാണിത്.

രണ്ടു യാത്രക്കാരെങ്കിലുമില്ലാത്ത കാറുകൾക്ക് ഈ ലെയ്ൻ ഉപയോഗിക്കാൻ അനുവാദമില്ല. ഫ്രാൻസിലേക്കുള്ള ഈ പാത സാമാന്യം തിരക്കുള്ളതുമാണ്. അടുത്ത വർഷമാണ് ഇത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുക. രാവിലെ ആറു മുതൽ ഒന്പത് വരെയും വൈകുന്നേരം നാലു മുതൽ ഏഴു വരെയുമായിരിക്കും നിയന്ത്രണം.

പരീക്ഷണം വിജയമായാൽ തിരക്കേറിയ മറ്റു റോഡുകളിലും ഇതു നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യം നടപ്പാക്കുന്ന പാത പ്രതിദിനം 22,000 വാഹനങ്ങൾ വരെ കടന്നു പോകുന്നതാണ്. തിരക്കില്ലാത്ത ദിവസങ്ങളിൽ പോലും ഇത് 17,000 വാഹനങ്ങൾക്കു മുകളിലാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ