വിക്ടോറിയയുടെ കൊലപാതകം: ജർമനിയിൽ ഒരാൾ അറസ്റ്റിൽ
Thursday, October 11, 2018 9:25 PM IST
ബർലിൻ: ബൾഗേറിയൻ മാധ്യമ പ്രവർത്തക വിക്ടോറിയ മരിനോവ കൊല ചെയ്യപ്പെട്ട സംഭവത്തിൽ ജർമനിയിൽ ഒരാൾ അറസ്റ്റിലായി. സെവെറിൻ ക്രാസിമിറോവ് എന്നയാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ബൾഗേറിയൻ ഉദ്യോഗസ്ഥർ അറിയിച്ചു.

കൊലപാതകം നടന്ന സ്ഥലത്തു നിന്നു ശേഖരിച്ച ഡിഎൻഎ സാന്പിളുകളുമായി ഇയാളുടെ സാന്പിളുകൾ ഒത്തു നോക്കുമെന്ന് ബൾഗേറിയൻ ആഭ്യന്തര മന്ത്രി മ്ലാദൻ മാരിനോവ് അറിയിച്ചു.

വിക്റ്റോറിയയുടെ മാധ്യമ പ്രവർത്തനവുമായി ബന്ധപ്പെട്ടതല്ല കുറ്റകൃത്യം എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. പ്രമുഖ വ്യവസായികളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെട്ട യൂറോപ്യൻ യൂണിയൻ ഫണ്ട് തിരിമറി സംബന്ധിച്ച ഒരു ചർച്ച അടുത്തിടെ നയിച്ചത് വിക്ടോറിയ ആയിരുന്നു.

എന്നാൽ, കൊലപാതകത്തിന് ഇത്തരം ബന്ധങ്ങൾ ഇല്ലെന്നും, പെട്ടെന്നുണ്ടായ ലൈംഗിക ആക്രമണമാണ് കൊലപാതകത്തിനു പിന്നിലെന്നും പോലീസ് പറയുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ