സ്വവർഗ യൂണിയൻ നിരോധിക്കാനുള്ള ഹിതപരിശോധന റോമാനിയക്കാർ പരാജയപ്പെടുത്തി
Tuesday, October 9, 2018 10:14 PM IST
ബുക്കാറസ്റ്റ്: സ്വവർഗപ്രേമികളുടെ സിവിൽ യൂണിയൻ നിരോധിക്കാൻ ഉദ്ദേശിച്ച് നടപ്പാക്കിയ ജനഹിത പരിശോധന പരാജയപ്പെട്ടു. ആകെ വോട്ടർമാരിൽ അഞ്ചിലൊന്നാളുകളാണ് വോട്ട് ചെയ്യാനെത്തിയത്. 30 ശതമാനം പേർ വോട്ട് ചെയ്തില്ലെങ്കിൽ ഹിതപരിശോധനാ ഫലം അസാധുവാകും.

വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ 90 ശതമാനം പേരും നിരോധനം ആവശ്യപ്പെടുകയായിരുന്നു. വിവാഹമെന്നാൽ പുരുഷനും സ്ത്രീയും തമ്മിലുള്ളതാണെന്ന വ്യാഖ്യാനം ഭരണഘടനാപരമായി സംരക്ഷിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് ഹിതപരിശോധന മുന്നോട്ടു വച്ചവർ പറയുന്നു.

ഇതിനെ എതിർത്തവർ എതിർത്ത് വോട്ട് ചെയ്യാനല്ല, മറിച്ച് വോട്ടെടുപ്പ് ബഹിഷ്കരിക്കാനാണ് ആഹ്വാനം ചെയ്തത്. വോട്ടിംഗ് ശതമാനം ഇത്രയധികം കുറയാൻ ഇതാണു പ്രധാന കാരണം. അതിനാൽ തന്നെ ഹിതപരിശോധന പരാജയപ്പെട്ടതായി തന്നെ കണക്കാക്കാം.

ശക്തമായ ഓർത്തഡോക്സ് സഭ ഹിത പരിശോധനയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ, പതിവുള്ള ഒരു ദിവസത്തിനു പകരം രണ്ടു ദിവസം വോട്ട് ചെയ്യാൻ അവസരം നൽകിയിട്ടും പ്രയോജനം ചെയ്തില്ല.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ