യൂറോപ്പിലെ ഏറ്റവും വലിയ ബ്ലഡ് സംരക്ഷണ ഫാക്ടറി പ്രവർത്തനം ആരംഭിച്ചു
Tuesday, October 9, 2018 10:05 PM IST
ബർലിൻ: യൂറോപ്പിലെ ഏറ്റവും വലിയ ബ്ലഡ് കണ്‍സേർവിംഗ് ഫാക്ടറി ജർമനിയിൽ പ്രവർത്തനം ആരംഭിച്ചു. നോർത്ത് റൈൻ വെസ്റ്റ് ഫാളിയ സംസ്ഥാനത്തിലെ ഹാഗൻ നഗരത്തിൽ അതിനൂതനമായ സാങ്കേതിക വിദ്യയോടെയാണ് ജർമൻ റെഡ് ക്രോസിന്‍റെ കീഴിലുള്ള ഫാക്ടറി പ്രവർത്തനം തുടങ്ങിയത്. ഒൻപത് ദശലക്ഷം യൂറോ മുതൽ മുടക്കുള്ള ബ്ലഡ് സെന്‍ററിൽ രക്ത ശേഖരണത്തിലൂടെയുള്ള കണ്‍സേർവിംഗ് നടക്കുന്നത്.

വെസ്റ്റ് ഫാളിയ സംസ്ഥാന ആരോഗ്യ മന്ത്രി കാൾ ജോസഫ് ലൗമാൻ ഉദ്ഘാടന വേളയിൽ സംബന്ധിച്ചു. യൂറോപ്പിൽ ഇത്തരത്തിലുള്ള ഏറ്റവും വലിയതും ആധുനിക സൗകര്യങ്ങളോടുകൂടിയതുമായ ആദ്യത്തെ ഫാക്ടറിയാണിത്. പ്രതിദിനം നാലായിരം ബ്ലഡ് കണ്‍സേർവുകളാണ് ഇവിടെ ത‍യാറാക്കപ്പെടുന്നത്. അത്യാധുനിക ലാബുകളും ശീതികരിച്ച മുറികളും ഉള്ള ഫാക്ടറിയിൽ അറുപതിലേറെപ്പേർ ജോലി ചെയ്യുന്നു. ഇവരുടെ സഹായത്തിനായി ഒരു റോബോട്ടുകളും സജ്ജീകരിച്ചിട്ടുണ്ട്.

ജർമനിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിക്കുന്ന രക്തം ഇവിടെയെത്തിച്ച് സാങ്കേതിക വിദ്യയിലൂടെ ബ്ലഡ് പായ്ക്കറ്റുകളിലാക്കി മൈനസ് അറുപത്തിനാലു ഡിഗ്രി സെൽഷ്യസിൽ പ്രത്യേക ശീതികരണ മുറിയിൽ സൂക്ഷിക്കും. പിന്നീട് ആവശ്യത്തിന് അനുസരിച്ച് ഇവിടെ നിന്നും ലഭ്യമാക്കും. വെസ്റ്റ് ഫാളിയ, റൈൻലാന്‍റ്ഫാൽസ്, സാർലാന്‍റ് എന്നീ സംസ്ഥാനങ്ങളിലേയ്ക്ക് ആവശ്യമുള്ള രക്തം ഇവിടെ നിന്നുമാണ് നൽകുന്നത്. ഇതിനു പുറമെ കാൻസർ രോഗികൾക്കായുള്ള ബോണ്‍ മാർക്കുകൾ(കോശങ്ങൾ) ഇവിടെ സ്വരൂപിക്കുന്നുണ്ട്.പതിനെട്ടിനും എഴുപത്തിമൂന്നിനും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ളവരിൽ നിന്നാണ് ജർമനിയിൽ രക്തം സ്വീകരിക്കുന്നത്. ജർമനിയിൽ രക്തദാനം എറെ ജനകീയമാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ