ശബരിമല വിധിക്കെതിരെ ജന്തർ മന്ദറിൽ പ്രതിഷേധപെരുമഴ
Monday, October 8, 2018 8:09 PM IST
ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയും കേരള സർക്കാർ കൈക്കൊള്ളുന്ന നിലപാടുകൾക്കെതിരെയും ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധത്തിന്‍റെ പെരുമഴയുതിർത്ത് ഭക്തജന കൂട്ടായ്മ.

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതിനായി രാഷ്ട്രീയപാർട്ടികളുടെ ആഹ്വാനങ്ങളൊന്നുമില്ലാതെ വാട്സ് ആപ്പ്, ഫേസ്ബുക്ക് പോലെയുള്ള നവമാധ്യമങ്ങളിലൂടെ കിട്ടിയ സന്ദേശങ്ങൾക്കനുസരിച്ചാണ് ഭക്തജനങ്ങൾ ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും സമീപ പ്രദേശങ്ങളായ നോയിഡ, ഗുഡ് ഗാവ്, ഗാസിയാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം ബസുകളിലും മെട്രോയിലുമൊക്കെയായി ജന്തർ മന്ദറിൽ എത്തിയത്.

നാമജപങ്ങളോടെയും ശരണം വിളികളോടെയും ഭക്തജനങ്ങൾ കൂട്ടമായി കേരളാ ഹൗസിലെത്തി നിവേദനം സമർപ്പിക്കുവാനാണ് പദ്ധതി ഇട്ടിരുന്നതെങ്കിലും പോലീസ് അനുമതി നൽകാത്തതുമൂലം പാർലമെന്‍റ് സ്ട്രീറ്റിൽ നാമജപയാത്ര അവസാനിപ്പിച്ചു.ശബരിമല അയ്യപ്പ സേവാ സമാജത്തിന്‍റേയും ഹൈന്ദവ സംഘടനകളുടെയും ആഭിമുഖ്യത്തിലായിരുന്നു നാമജപയാത്ര.

റിപ്പോർട്ട് :പി.എൻ. ഷാജി