കരാറില്ലാതെ യൂണിയൻ വിടാൻ ഭയമില്ല: തെരേസ മേ
Saturday, October 6, 2018 8:45 PM IST
ലണ്ടൻ: ബ്രെക്സിറ്റ് കരാറിന്‍റെ പേരിൽ പ്രതിരോധത്തിലായ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ എതിരാളികൾക്കു മേൽ കടന്നാക്രമണവുമായി പാർട്ടി കോണ്‍ഗ്രസ് വേദിയിൽ.

ഡാൻസിംഗ് ക്വീൻ എന്ന പാട്ടിനൊത്ത് ചുവടുവച്ച് വേദിയിലെത്തിയ അവർ, താൻ തന്നെയാണ് ഇപ്പോഴും ബോസ് എന്ന തെളിയിക്കാനുള്ള ശ്രമത്തിലായിരുന്നു. 45 മിനിറ്റ് ദീർഘിച്ച പ്രസംഗത്തിൽ ഭൂരിഭാഗം സമയവും എതിരാളികളെ കടന്നാക്രമിക്കാനാണ് അവർ ഉപയോഗിച്ചത്.

എന്തു വില കൊടുത്തും ബ്രെക്സിറ്റ് കരാർ രൂപീകരിക്കപ്പെടണമെന്നൊന്നും താൻ ആഗ്രഹിക്കുന്നില്ലെന്ന് അവർ വ്യക്തമാക്കി. ബ്രിട്ടന്‍റെ താത്പര്യങ്ങൾ ബലി കഴിച്ച് കരാറിലെത്തുന്നതിലും ഭേദം കരാറില്ലാതെ യൂറോപ്യൻ യൂണിയനിൽ നിന്നു പിൻവാങ്ങുന്നതായിരിക്കും എന്ന നിലപാടാണ് അവർ വ്യക്തമാക്കിയത്.

കരാറില്ലാതെ യൂറോപ്പിൽ നിന്നു പിൻമാറാൻ ഗ്രേറ്റ് ബ്രിട്ടനു ഭയമില്ലെന്ന അവരുടെ വാക്കുകൾ കൈയടികളോടെയാണ് സ്വീകരിക്കപ്പെട്ടത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ