ശാപമോക്ഷമില്ലാതെ പീനിയ ടെർ‌മിനൽ; ബസുകൾ വീണ്ടും പിൻവലിക്കുന്നു
Saturday, September 29, 2018 6:51 PM IST
ബംഗളൂരു: കോടികൾ മുതൽമുടക്കിൽ പണികഴിപ്പിച്ച പീനിയ ബസവേശ്വര ബസ് ടെർമിനൽ കർണാടക ആർടിസിയുടെ വെള്ളാനയായി മാറുന്നു. ടെർമിനലിൽ നിന്ന് പുനരാരംഭിച്ച 60 സർവീസുകളും നിർത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇവിടെനിന്നുള്ള സർവീസുകൾ ലാഭകരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ബസുകൾ പിൻവലിക്കുന്നത്.

മൂന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം ഈവർഷം ഏപ്രിലിലാണ് പീനിയയിൽ നിന്ന് കർണാടക ആർടിസിയുടെ സർവീസുകൾ പുനരാരംഭിച്ചത്. അറുപത് സർവീസുകളാണ് മജെസ്റ്റിക്കിൽ നിന്ന് പീനിയ ബസവേശ്വര ബസ് ടെർമിനലിലേക്ക് മാറ്റിയത്. ഈ സർവീസുകൾ വീണ്ടും മജെസ്റ്റിക്കിൽ നിന്നു തന്നെ നടത്താനാണ് തീരുമാനം. സാമ്പത്തികനഷ്ടം മൂലം സർവീസുകൾ നിർത്താൻ നിർബന്ധിതമായെന്നും നഷ്ടം ഇതുവരെ കണക്കുകൂട്ടിയിട്ടില്ലെന്നും കർണാടക ആർടിസി എംഡി എസ്.ആർ. ഉമാശങ്കർ പറഞ്ഞു.

കർണാടക ആർടിസി 40 കോടി രൂപയോളം മുതൽമുടക്കിൽ നിർമിച്ച ടെർമിനൽ പിന്നീട് ഉപയോഗശൂന്യമാകുകയായിരുന്നു. 2014 സെപ്റ്റംബറിൽ ആർടിസിയുടെ 140 സർവീസുകൾ പീനിയ ടെർമിനലിലേക്കു മാറ്റിയിരുന്നെങ്കിലും ആറു മാസത്തിനു ശേഷം കോർപറേഷൻ മലക്കം മറിയുകയാണുണ്ടായത്. പന്ത്രണ്ട് കോടി രൂപ നഷ്ടം രേഖപ്പെടുത്തിയതിനെ തുടർന്ന് സർവീസുകൾ പീനിയയിൽ നിന്നു വീണ്ടും മാറ്റി. പിന്നീട് മജെസ്റ്റിക് ബസ് ടെർമിനലിലെ തിരക്ക് ഒഴിവാക്കുന്നതു കൂടി ലക്ഷ്യമിട്ടാണ് ഈവർഷം ഏപ്രിലിൽ പീനിയ ടെർമിനലിനെ പുനരുജ്ജീവിപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്.

ഹുബ്ബള്ളി, ശിവമോഗ, തുമകുരു, ധർമസ്ഥല, ഹാസൻ, ദാവൻഗരെ, റായ്ച്ചൂർ, പാവഗഡ, കൊപ്പൽ, മംഗളൂരു തുടങ്ങി ഇരുപതോളം ജില്ലകളിലേക്ക് ഈവർഷം പീനിയയിൽ നിന്ന് ബസ് സർവീസ് നടത്തിയിരുന്നു. എന്നാൽ ഇവിടെനിന്ന് മൂന്നോ നാലോ പേർ മാത്രമേ കയറുന്നുള്ളൂ എന്നാണ് കെഎസ്ആർടിസി അധികൃതർ പറയുന്നത്. യാത്രക്കാരുടെ എണ്ണം കൂട്ടാൻ ഈ ടെർമിനൽ വഴി 80 ബിഎംടിസി ബസ് സർവീസുകൾ നടത്തിയെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല. ഇതേത്തുടർന്ന് ബസുകളുടെ എണ്ണം പത്തായി ബിഎംടിസി കുറയ്ക്കുകയായിരുന്നു.