ചക്കുളത്തമ്മ പൊങ്കാല ഒക്ടോബർ 28 ന്
Friday, September 28, 2018 8:41 PM IST
ന്യൂഡൽഹി: പതിനാറാമത് ചക്കുളത്തമ്മ പൊങ്കാല മഹോത്സവം ഒക്ടോബർ 27, 28 (ശനി, ഞായർ) തീയതികളിൽ മയൂര്‍ വിഹാര്‍ ഫേസ് 3-ലെ A-1 പാർക്കിൽ അരങ്ങേറും.

ശനിയാഴ്ച രാവിലെ 5:30-ന് ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. വൈകുന്നേരം 6:30-ന് മഹാദീപാരാധന, 6:45 മുതല്‍ രമേഷ് ഇളമൺ നമ്പൂതിരിയുടെ ആത്മീയ പ്രഭാഷണം, ശനിദോഷ നിവാരണ പൂജ, ലഘുഭക്ഷണം എന്നിവയാണ് ആദ്യ ദിവസത്തെ പരിപാടികൾ.

രണ്ടാം ദിവസം മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാവും. രാവിലെ എട്ടിന് ഭദ്രദീപ പ്രകാശനം. തുടർന്നു നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ സാമുഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.

9 ന് പൊങ്കാല. എ-1 പാര്‍ക്കില്‍ നിര്‍മിക്കുന്ന താല്‍ക്കാലിക ക്ഷേത്രത്തിന്‍റെ ശ്രീകോവിലില്‍ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി ചക്കുളത്തു കാവ് ക്ഷേത്ര കാര്യദര്‍ശിയും അഡ്മിനിസ്ട്രേറ്ററുമായ ബ്രഹ്മശ്രീ മണിക്കുട്ടൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പണ്ടാര അടുപ്പിലേക്ക് പകരും. തുടർന്നു നാടിന്‍റെ നാനാ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന ഭക്തജനങ്ങൾ അവരവരുടെ പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകരുന്നതോടെ പൊങ്കാലക്കു തുടക്കമാവും. വിദ്യാകലശം, മഹാകലശാഭിഷേകം, പ്രസന്ന പൂജ, ഉച്ചക്ക് ഭക്തജനങ്ങൾക്ക് അന്നദാനം, മയൂർ വിഹാർ ഫേസ്-3 ലെ നാദധാര അവതരിപ്പിക്കുന്ന ഭക്തിഗാനസുധ എന്നിവ നടക്കും.

ചക്കുളത്ത് കാവില്‍ നിന്നും എത്തിച്ചേരുന്ന രഞ്ജിത് നമ്പൂതിരി, ശ്രീകുമാരൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണ് പൂജാദികര്‍മങ്ങള്‍ നടക്കുന്നത്.

പൊങ്കാല കൂപ്പണുകളും മറ്റു വഴിപാടു രസീതുകളും അതാതു സ്ഥലങ്ങളിലെ കോഓർഡിനേറ്റർമാരിൽ നിന്നും മുൻകൂട്ടി ബുക്കു ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയതായി ട്രഷറർ കെ.പി. ശിവദാസ് അറിയിച്ചു.

വിവരങ്ങള്‍ക്ക്: 9810477949, 9818522615, 8130595922, 9650699114.

റിപ്പോർട്ട്: പി.എൻ. ഷാജി