സാന്തോം ബൈബിൾ കൺവൻഷൻ: സ്വാഗതസംഘം രൂപീകരിച്ചു
Thursday, September 27, 2018 10:45 PM IST
ന്യൂഡൽഹി: ഫരീദാബാദ്-ഡൽഹി രൂപത ഒരുക്കുന്ന സാന്തോം ബൈബിൾ കൺവൻഷനുവേണ്ടി മാർ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യരക്ഷാധികാരിയയായും രൂപത ജുഡീഷൽ വികാരി ഫാ. മാർട്ടിൻ പാലമറ്റം ജനറൽ കൺവീനറായുമുള്ള സ്വാഗതസംഘം രൂപീകരിച്ചു.

മാർ ഭരണികുളങ്ങരയുടെ അധ്യക്ഷതയിൽ കൂടിയ അത്മായ പ്രതിനിധികളുടെയും വൈദികരുടെയും സന്യാസി സന്യാസിനികളുടെയും യോഗത്തിലാണ് സ്വാഗതസംഘം രൂപീകരിച്ചത്.

സെപ്റ്റംബർ 30, ഒക്ടോബർ 1, 2 തീയതികളിലായി INA–യിലുള്ള ത്യാഗരാജ് സ്റ്റേഡിയത്തിൽ പ്രശസ്ത ധ്യാനഗുരു ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ത്രിദിന കൺവൻഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്യും.

"ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല, ഞാൻ നിങ്ങളുടെ അടുത്തേക്ക് വരും' എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത വചന പ്രഘോഷകർ നയിക്കുന്ന ത്രിദിന കൺവൻഷനിൽ മുഴുവൻ സമയം കുമ്പസാരത്തിനുള്ള അവസരം ഉണ്ടായിരിക്കും. ദിവസവും രാവിലെ 8.30 മുതൽ വൈകുന്നേരം 5 വരെയാണ് കൺവൻഷൻ. ജപമാല, വചനപ്രഘോഷണം, വിശുദ്ധ കുർബാന, രോഗശാന്തി ശുശ്രൂഷ, ആരാധന തുടങ്ങിയവ കൺവൻഷന്‍റെ ഭാഗമായിരിക്കും.

ആറു സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഫരീദാബാദ് രൂപതയിലെ എല്ലായിടങ്ങളിൽനിന്നുള്ള പ്രതിനിധികൾ കൺവൻഷനിൽ പങ്കെടുക്കും. രണ്ടാം ദിവസം പഞ്ചാബിലെ മിഷനറിമാരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും പ്രാർഥന ശുശ്രൂഷയും നടക്കും. ഗാന ശുശ്രൂഷക്കും മ്യൂസിക് മിനിസ്ട്രിക്കും അട്ടപ്പാടി ടീം നേതൃത്വം നൽകും. ജീസസ് യൂത്ത് ഫരീദാബാദ് യൂണിറ്റ് സംഘടിപ്പിക്കുന്ന ബൈബിൾ അധിഷ്ടിത മ്യൂസിക് പ്രോഗ്രാമും കൺവൻഷന്‍റെ ഭാഗമായി നടക്കും.

രൂപതയിൽ നിന്നും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ തലങ്ങളിൽ അവാർഡ് ജേതാക്കളായവരെ ആദരിക്കും. വിശ്വാസികളുടെ ആത്മീയ വളർച്ച മാത്രം ലക്ഷ്യമാക്കികൊണ്ട് രൂപത നടത്തുന്ന ത്രിദിന കൺവൻഷൻ ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. പതിനായിരങ്ങൾ പങ്കെടുക്കുന്ന കൺവൻഷന് വിപുലമായ സൗകര്യങ്ങളാണ് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ രൂപത ഒരുക്കിയിരിക്കുന്നതെന്ന് ജനറൽ കൺവീനർ ഫാ. മാർട്ടിൻ പാലമറ്റം അറിയിച്ചു.

കൺവൻഷനോടനുബന്ധിച്ച് സെപ്റ്റംബർ 30 ന് (ഞായർ) ഫരീദാബാദ് രൂപതയുടെ കീഴിലുള്ള ദേവാലയങ്ങളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ലെന്ന് രൂപത കേന്ദ്രം അറിയിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്