ആൽക്കഹോൾ ഉപയോഗത്തിൽ ജർമനി മുന്പിൽ
Thursday, September 13, 2018 12:37 AM IST
ഫ്രാങ്ക്ഫർട്ട്: യൂറോപ്യൻ യൂണിയൻ പുറത്തുവിട്ട ആൽക്കഹോൾ ഉപയോഗത്തെപ്പറ്റിയുള്ള പുതിയ റിപ്പോർട്ടിൽ യൂറോപ്പിലെ ആൽക്കഹോൾ ഉപയോഗത്തിൽ ജർമനിക്കാണ് ഒന്നാം സ്ഥാനം.

വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ 53 രാജ്യങ്ങളിൽ നടത്തിയ പഠനത്തിലാണ് ജർമനിയിലെ ഈ ആൽക്കഹോൾ ഉപയോഗത്തെപ്പറ്റിയുള്ള വിവരം പുറത്തുവന്നത്. ശരാശരി ഒരു വർഷം യൂറോപ്യൻ മദ്യോപയോഗം 8.6 ലിറ്റർ ആണെങ്കിൽ ജർമനിയിൽ ഇപ്പോഴത്തെ മദ്യോപയോഗം 11.2 ലിറ്റർ ആണ്. നേരത്തെ പഴയ സോവ്യറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന എസ്റ്റ്ലാൻഡ്, ലിറ്റൗവൻ, ലെറ്റ്ലാൻഡ് എന്നിവയാണ് ഏറ്റവും കൂടുതൽ ആൽക്കഹോൾ ഉപയോഗം ഉള്ള യൂറോപ്യൻ രാജ്യങ്ങളായി കാണക്കാക്കിയിരുന്നത്.

തണുപ്പു കാലത്ത് ശരീര പ്രതിരോധ ശക്തിക്കായി യൂറോപ്പിലും പ്രത്യേകിച്ച് വടക്കൻ യൂറോപ്യൻ രാജ്യങ്ങളിലും പൊതുവെ അല്പം കൂടുതൽ മദ്യം ഉപയോഗിക്കുന്നു. എങ്കിലും പുതിയ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ റിപ്പോർട്ടിൽ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്ന ഐസ് ലാൻഡിനേക്കാൾ കൂടുതൽ മദ്യം ജർമനിയിലും, പഴയ സോവ്യറ്റ് യൂണിയന്‍റെ ഭാഗമായിരിക്കുന്ന രാജ്യങ്ങളിലും ആണെന്നത് അദ്ഭുതകരമാണ്.

പൊതുവെ ഒരു പൂർണ മദ്യ നിരോധനത്തിന് പകരം അമിത ഉപയോഗം കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും മദ്യത്തിന്‍റെ നികുതി വർധിപ്പിച്ച് ഉപഭോഗം കുറയ്ക്കലുമാണ് ഇതിനുള്ള പ്രതിവിധിയായി ജർമൻ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നത്.

റിപ്പോർട്ട്: ജോർജ് ജോണ്‍