കേരളത്തിന് കൈത്താങ്ങായി മലയാളീസ് ഓഫ് മെൽബൺ
Wednesday, September 12, 2018 9:41 PM IST
മെൽബൺ: കേരളത്തിലെ പ്രളയക്കെടുതിയിൽ പെട്ടു പോയവരെ ചേർത്തുപിടിച്ചുകൊണ്ട് ഒഴുകി പോയ അവരുടെ ജീവിതങ്ങൾ തിരികെയെത്തിക്കാൻ മെൽബണിലെ എല്ലാ മലയാളി സംഘടനകളും ചേർന്ന് ദുരിതാശ്വാസഫണ്ട് പിരിവിനായി ഒരു മെഗാ ഷോ സംഘടിപ്പിക്കുന്നു.

ഒക്ടോബർ 5 ന് (വെള്ളി) വൈകുന്നേരം ഏഴിന് "ബഞ്ചിൽ പ്ലേയ്സ്" ആണ് വേദി. പ്രശസ്ത മലയാള സിനിമാസംഗീത സംവിധായകൻ ഔസേപ്പച്ചന്‍റെ നേതൃത്വത്തിൽ നടക്കുന്ന ലൈവ് ഓർക്കസ്ട്ര "ദി എവൈകനിംഗ്" ആണ് പരിപാടിയുടെ പ്രധാന ആകർഷണം. തുടർന്നു മെൽബണിലെ പ്രഗത്ഭരായ കലാകാരന്മാരുടെ നൃത്ത സംഗീത കലാപരിപാടികളും അരങ്ങേറും. പരിപാടിയിൽ വിക്ടോറിയൻ സ്റ്റേറ്റ്, ഫെഡറൽ പാർലമെന്‍റ് പ്രതിനിധികൾ അടക്കം പല പ്രമുഖരും സംബന്ധിക്കും.

മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ, മെൽബൺ മലയാളി ഫെഡറേഷൻ, കെ എച്ച് എസ് എം, എസ് എൻ എൻ എം, തൂലിക, വിപഞ്ചിക, ഡാണ്ടിനോംഗ് ആർട്സ് ക്ലബ്, ഗ്രാന്മ, നവോദയ, ഒ ഐസിസി, കേസി മലയാളി, ബെറിക്ക് അയൽക്കൂട്ടം, നാദം, എന്‍റെ കേരളം, പാൻ തുടങ്ങിയ സംഘടനകളുടെ കൂട്ടായ്മയിൽ രൂപീകൃതമായ "മലയാളീസ് ഓഫ് മെൽബൺ (എ എം)' ആണ് പരിപാടി യാഥാർഥ്യമാക്കുന്നത്.

പരിപാടിയിൽനിന്നും കിട്ടുന്ന തുകയിൽ ഒരു ചെറിയ ഭാഗം കനത്ത വരൾച്ചയിൽ പെട്ട ഓസ്‌ട്രേലിയൻ കർഷകർക്കും ബാക്കി മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന ചെയ്യുമെന്ന് ഡോ. ആഷാ മുഹമ്മദ് അറിയിച്ചു. ടിക്കറ്റുകൾ എല്ലാ സംഘടനാ ഭാരവാഹികളിൽ നിന്നും ലഭ്യമാണ്.