കേരളത്തിനു സഹായഹസ്തവുമായി ന്യൂസിലാന്‍ഡില്‍ നിന്നും മലയാളി യുവാക്കള്‍
Friday, August 31, 2018 12:19 PM IST
പാമസ്റ്റേൺ നോർത്ത്: കേരളത്തിലെ പ്രളയദുരിതാശ്വാസത്തിനും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പണം കണ്ടെത്തുവാനായി പ്രവാസികളായ മലയാളി യുവാക്കള്‍ ഞായറാഴ്ച ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ആയിരം പേര്‍ക്കുള്ള ഓണസദ്യയൊരുക്കി അതില്‍ നിന്നു ലഭിക്കുന്ന മുഴുവന്‍ തുകയും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്കുവാനാണ് ഇവരുടെ തീരുമാനം.

ന്യൂസിലാന്‍ഡിലെ പാമസ്റ്റേൺ നോർത്തിൽ പ്രവർത്തിക്കുന്ന "അറേഞ്ച്ഡ് മാര്യേജ് ഗ്രൂപ്പ്' എന്ന സൗത്ത് ഇന്ത്യന്‍ റസ്റ്റോറന്‍റിന്‍റെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

ഈ ഫണ്ട് റൈസിംഗ് പരിപാടിയില്‍ ഏറ്റവുമധികം സഹകരിച്ചിട്ടുള്ളത് സ്വദേശികളായ ഇംഗ്ലീഷുകാര്‍ ആണെന്ന് സംഘാടകരായ അലന്‍ കക്കാട്ടില്‍, മാനുവല്‍ ജേക്കബ്, ശ്രീജിത്ത് നായര്‍, മാത്യു ലൂക്കോസ്, മിഥുന്‍ കറുകയില്‍, രതീഷ് പൂവരണി, റെജി തോമസ് എന്നിവര്‍ അറിയിച്ചു. മാത്യു മുണ്ടുവേലില്‍ ആണ് ഈ ധനസമാഹരണ പരിപാടിയുടെ കൺവീനർ.