മഴക്കെടുതി: കേരളത്തിലേക്കുള്ള വിമാനനിരക്ക് കൂടി
Tuesday, August 21, 2018 12:26 AM IST
ബംഗളൂരു: പ്രളയക്കെടുതി രൂക്ഷമായ കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കൂട്ടി വിമാനക്കമ്പനികൾ. കൊച്ചി നെടുമ്പാശേരി വിമാനത്താവളം വെള്ളത്തിൽ മുങ്ങിയതോടെ ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്രക്കാരുടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് സ്വകാര്യകമ്പനികൾ വിമാനനിരക്ക് ഉയർത്തിയത്. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് എയർഇന്ത്യ 5,716 രൂപ നിരക്കിൽ സർവീസ് നടത്തിയപ്പോൾ സ്വകാര്യ കമ്പനികൾ 7,000 മുതൽ 18,000 രൂപ വരെയാണ് ഈടാക്കിയത്. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനനിരക്കും കഴിഞ്ഞദിവസം ഉയർത്തിയിരുന്നു. 6,969 മുതൽ 10,85 രൂപ വരെയാണ് കോഴിക്കോട്ടേക്ക് ഈടാക്കിയത്.

ബംഗളൂരുവിൽ നിന്ന് അടിയന്തരമായി കണ്ണൂർ, കാസർഗോഡ് ജില്ലകളിലേക്ക് പോകേണ്ടവർ മംഗളൂരു വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്. എന്നാൽ, ബംഗളൂരു- മംഗളൂരു സർവീസുകളുടെ നിരക്കുകളും കഴിഞ്ഞ ദിവസങ്ങളിൽ ഉയർത്തി. പ്രളയക്കെടുതിയെ തുടർന്ന് കേരളത്തിലേക്കുള്ള റോഡ്, റെയിൽ ഗതാഗതങ്ങൾ തടസപ്പെട്ടതോടെയാണ് വിമാനക്കൂലി കുത്തനെ ഉയർന്നത്.