കേരളത്തിലേക്ക് മധുവിധു യാത്ര: മോഷ്ടാവിനെ പിടിച്ച കോണ്‍സ്റ്റബിളിന് ഡിപ്പാർട്ട്മെന്‍റ് വക സമ്മാനം
Tuesday, July 10, 2018 10:37 PM IST
ബംഗളൂരു: മോഷ്ടാവിനെ ഒറ്റയ്ക്ക് പിന്തുടർന്ന് പിടികൂടിയ യുവ പോലീസ് കോണ്‍സ്റ്റബിളിന് മേലുദ്യോഗസ്ഥരുടെ വക പ്രത്യേക സമ്മാനം. കേരളത്തിലേക്ക് ഒരു മധുവിധുയാത്രയാണ് ബെല്ലന്ദൂർ പോലീസ് സ്റ്റേഷനിലെ കെ.ഇ. വെങ്കടേഷിനായി ഒരുക്കിയിരിക്കുന്നത്. ശന്പളത്തോടെയുള്ള അവധിക്കൊപ്പം 10,000 രൂപയും അദ്ദേഹത്തിന് സമ്മാനമായി നൽകി.

കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ 2.45ന് സർജാപുർ റോഡിൽ തന്‍റെ ചീറ്റ ബൈക്കിൽ പട്രോളിംഗ് നടത്തവേയാണ് വെങ്കടേഷ് ഒരു നിലവിളി കേട്ടത്. ഉടൻ തന്നെ സ്ഥലത്തേക്ക് പാഞ്ഞെത്തിയ അദ്ദേഹം കണ്ടത് രണ്ടു മോട്ടോർസൈക്കിളുകളിലായി മൂന്നുപേർ പാഞ്ഞുപോകുന്നതാണ്. വഴിയരികിൽ നിന്ന ഒരാൾ കള്ളൻ കള്ളനെന്ന് ഉറക്കെ പറയുന്നുമുണ്ടായിരുന്നു. തുടർന്ന് വെങ്കടേഷ് കള്ള·ാർക്കു പിന്നാലെ പാഞ്ഞു. നാലു കിലോമീറ്ററോളം ഇവരെ പിന്തുടർന്ന അദ്ദേഹം കള്ളന്മാരിൽ ഒരാളുടെ വാഹനത്തെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇടികൊണ്ടയാൾ നിലത്തുവീണു. മറ്റു രണ്ടുപേരും രക്ഷപെടുകയും ചെയ്തു. തുടർന്ന് ഇയാളെ പിടികുടി ബെല്ലന്ദുർ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഇരുപതുകാരനായ അരുണ്‍ ദയാൽ ആണ് പിടിയിലായത്. രക്ഷപെട്ടവർക്കായി തിരച്ചിൽ തുടരുകയാണ്.

മോഷ്ടാവിനെ ഒറ്റയ്ക്ക് പിന്തുടർന്ന് പിടികൂടിയ വെങ്കടേഷിൻറെ ധൈര്യത്തിനുള്ള അംഗീകാരമായാണ് സമ്മാനം നല്കിയതെന്ന് വൈറ്റ്ഫീൽഡ് ഡപ്യൂട്ടി കമ്മീഷണർ അബ്ദുൾ അഹാദ് അറിയിച്ചു. 2007ൽ പോലീസ് സേനയിൽ അംഗമായ വെങ്കടേഷ് കഴിഞ്ഞ വർഷം നവംബറിലാണ് വിവാഹിതനായത്.