ഫുജൈറ : മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ സുഗതാഞ്ജലി കാവ്യാലാപന മത്സരം സംഘടിപ്പിച്ചു. കവയത്രി സുഗതകുമാരിയുടെ അനുസ്മരണാർഥം മലയാളം മിഷൻ നടത്തുന്ന ആഗോള കാവ്യാലാപന മത്സരത്തിലേക്ക് ചാപ്റ്ററിൽ നിന്നും മത്സരാർഥികളെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച കാവ്യാലാപന മത്സരം പ്രമുഖ സാഹിത്യകാരനും റേഡിയോ മലയാളം പ്രോജക്ട് ഹെഡുമായ ജേക്കബ് എബ്രഹാം ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ ചാപ്റ്റർ ചെയർമാനും ലോക കേരളസഭാംഗവുമായ ഡോ. പുത്തൂർ റഹ്മാൻ അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ യുഎഇ കോഓർഡിനേറ്റർ കെ.എൽ. ഗോപി ആശംസകൾ അറിയിച്ചു. ലോക കേരളസഭാംഗം സൈമൻ സാമുവേൽ സ്വാഗതവും ചാപ്റ്റർ സെക്രട്ടറി ഷൈജു രാജൻ നന്ദിയും പറഞ്ഞു. ചാപ്റ്റർ കോഓർഡിനേറ്റർ രാജശേഖരൻ വല്ലത്ത് മലയാളം മിഷൻ പ്രവർത്തനങ്ങൾ വിശദികരിച്ചു.
ചങ്ങമ്പുഴ കൃഷ്ണപ്പിള്ള, ബാലാമണിയമ്മ, ഇടശ്ശേരി ഗോവിന്ദൻ നായർ എന്നിവരുടെ കവിതകളാണ് ആലാപനത്തിനായി മത്സരാർഥികൾക്ക് നൽകിയിരുന്നത്. സബ് ജൂനിയർ വിഭാഗത്തിൽ നിന്ന് ഫാത്തിമ ഹുദാ (കെഎംസിസി. പഠനകേന്ദ്രം), സിയോന മറിയം ഷൈജു (ഓർത്തഡോക്സ് ചർച്ച് പഠനകേന്ദ്രം), അസ്സാ ഫാത്തിമ (ആവണി പഠനകേന്ദ്രം) എന്നിവരും
ജൂനിയർ വിഭാഗത്തിൽ നിന്ന് ഏലിയാസ് എൻ.സിജി ( ഓർത്തഡോക്സ് ചർച്ച് പഠനകേന്ദ്രം), അയന മനോജ് (ആവണി പഠനകേന്ദ്രം), രുദ്രപ്രസാദ് (കൈരളി പഠനകേന്ദ്രം) എന്നിവരും സീനിയർ വിഭാഗത്തിൽ നിന്ന് ജോസിൻ ജോയിമോനും (ഓർത്തഡോക്സ് ചർച്ച് പഠനകേന്ദ്രം) വിജയികളായി.പ്രശസ്ത എഴുത്തുക്കാരായ ഡോ.ബിജു ബാലകൃഷ്ണനും, ഷിബി നിലാമുറ്റവും മത്സരം അവലോകനം നടത്തി സംസാരിച്ചു.
ചാപ്റ്റർ കൺവീനർ സവിത കെ.നായർ ,നമിത പ്രമോദ് എന്നിവർ മത്സരം നിയന്ത്രിച്ചു. ചാപ്റ്റർ പ്രസിഡൻ്റ് വിത്സൺ പട്ടാഴി, ജോയിന്റ് സെക്രട്ടറി സറീന ഒ.വി., ജോയിൻ്റ് കൺവീനർ മെഹർബാൻ ബദറുദ്ദീൻ, അക്കാദമിക് ചെയർമാൻ ഡോ.ജോബി ജോർജ്, ചാപ്റ്റർ മുൻ ഭാരവാഹികളായ സജ്ജീവ് മേനോൻ, സന്തോഷ് ഓമല്ലൂർ, ചാപ്റ്റർ കമ്മറ്റി അംഗങ്ങളായ അജിത രാധാകൃഷ്ണൻ, ബിനോയ് വർഗീസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.