വ്രതാനുഷ്ഠാനം കൊണ്ട് ലക്ഷ്യമാക്കുന്നത് തഖ് വയിൽ അധിഷ്ഠിതമായ ജീവിതം: ഫാറൂഖ് നഈമി
Sunday, April 2, 2023 1:01 AM IST
അബ്ദുല്ല നാലുപുരയിൽ
കുവൈറ്റ് സിറ്റി: വ്രതാനുഷ്ഠാനം കൊണ്ട് ലക്ഷ്യമാക്കുന്നത് തഖ് വയിൽ അധിഷ്ഠിതമായ ജീവിതമാണെന്നും ഇസ്ലാമിക കൽപനകളെ അംഗീകരിച്ചും നിരോധനങ്ങളെ ഉപേക്ഷിച്ചുമുള്ള ജീവിതരീതി അവലംബിക്കലാണ് ഈ ജീവിതരീതിയെന്നും സുന്നി വിദ്യാർഥി ഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡൻ്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി പ്രസ്താവിച്ചു. ഐസിഎഫ് കുവൈറ്റ് നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ ഈവിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പരീക്ഷയിലെ പരാജയ ഭീതിയാൽ വിദ്യാർഥി ആത്മഹത്യ ചെയ്യുമ്പോഴും ണയനൈരാശ്യത്താൽ കൊലപാതകം നടത്തുമ്പോഴും മരണശേഷം സ്വത്തവകാശം മറ്റാർക്കെങ്കിലും പോകുമെന്നു കരുതി ഇസ്ലാമികമായി നടന്ന വിവാഹത്തിനു പുറമെ ഇന്ത്യൻ നിയമ വ്യവസ്ഥക്കുവേണ്ടി രണ്ടാം വിവാഹം ചെയ്യുമ്പോഴുമെല്ലാമാണ് ഈ ജീവിതരീതിയും തഖ്'വയും പ്രസക്തമാവുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഖൈത്താൻ ഇന്ത്യൻ കമ്മ്യുണിറ്റി സ്കൂളിൽ നടത്തപ്പെട്ട ഇഫ്താർ ഈവ്, അബ്ദുൽ ഹകീം ദാരിമിയുടെ അധ്യക്ഷതയിൽ മർകസ് പി ആർ ഒ ഉബൈദുല്ല സഖാഫി ഉദ്ഘാടനം ചെയ്തു. പേരോട് ശഹീർ സഖാഫി പ്രസംഗിച്ചു. സയ്യിദ് ഹബീബ് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഡോ.മുഹമ്മദ് അമീൻ സഖാഫി, സാദിഖ് അഹ്സനി, മൊയ്‌തീൻ കോയ സഖാഫി സംബന്ധിച്ചു.