ഹൃദയപൂർവം കേളി; രണ്ടാം ഘട്ടം സമാപന ചടങ്ങ് നിലന്പൂർ ആയിഷ ഉദ്ഘാടനം ചെയ്തു
Wednesday, February 1, 2023 4:55 AM IST
റിയാദ് : കേളി കലാസാംസ്കാരിക വേദി ’ഹൃദയപൂർവം കേളി’ പദ്ധതിയുടെ രണ്ടാംഘട്ട സമാപന ചടങ്ങ് കേരളത്തിന്‍റെ സാംസ്കാരിക വിപ്ലവ നായിക നിലന്പൂർ ആയിഷ ഉദ്ഘാടനം ചെയ്തു.

കേളിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനത്തിന്‍റെ പ്രഖ്യാപനങ്ങളിൽ ഒന്നായ, കേരളത്തിലെ സർക്കാർ ആശുപത്രികളിലെയും അഗതി മന്ദിരങ്ങളിലെയും ഭിന്നശേഷി വിദ്യാലയങ്ങളിലെയും നിർധനർക്ക് ’ഒരു ലക്ഷം പൊതിച്ചോർ’ നൽകുന്ന പദ്ധതിയാണ് ഹൃദയപൂർവം കേളി.

കേളിയും, കേളി കുടുംബ വേദിയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല വിതരണോദ്ഘാടനം 2022 ഡിസംബർ ഒന്നിന് തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്‍ററിൽ കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി സജീവ് തൈക്കാട് നിർവഹിച്ചിരുന്നു.

പദ്ധതിയുടെ രണ്ടാംഘട്ടമായി നിലന്പൂരിലെ ഭിന്നശേഷി വിദ്യാലയത്തിൽ ജനുവരി പതിനേഴിനാണ് ഉച്ചഭക്ഷണ വിതരണം ആരംഭിച്ചത്. രണ്ടാം ഘട്ട സമാപന ചടങ്ങിൽ കേളി മുൻ സെക്രട്ടറി ഷൗക്കത്ത് നിലന്പൂർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ നഗരസഭ വൈസ് ചെയർ പേഴ്സണ്‍ അരുമ ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം, ഡെയ്സി ടീച്ചർ, കേളി മുൻ ഭാരവാഹികളായ ഉമ്മർ കുട്ടി, ബാബുരാജ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിൽ കേളിക്ക് വേണ്ടി നിലന്പൂർ ആയിഷയെ പ്രവർത്തകർ ഷാൾ അണിയിച്ചു ആദരിച്ചു. പ്രവാസി സംഘം ഏരിയ സെക്രട്ടറി റഷീദ് മേലേതിൽ നന്ദി പറഞ്ഞു.