ആ ബിൽബോർഡ് തിരിച്ചെത്തി; സഫലമായതു ദുബായ് നിവാസികളുടെ ചിരകാല സ്വപ്നം
Monday, June 27, 2022 11:56 PM IST
അനിൽ സി. ഇടിക്കുള
ദുബായ് : ചരിത്രം പേറുന്നൊരു പരസ്യ ബോർഡ് ജനങ്ങളുടെ ആവശ്യം മൂലം തിരികെ സ്ഥാപിച്ച അപൂർവ ചടങ്ങിനാണ് ദുബായ് സാക്ഷ്യം വഹിച്ചത്. നാലു പതിറ്റാണ്ടോളം അഭിമാനകരമായ അടയാളമായി നിലകൊണ്ട പരസ്യ ബോർഡാണ് വികാര നിർഭരമായ ചടങ്ങിലൂടെ വീണ്ടും പുനഃസ്ഥാപിച്ചിരിക്കുന്നത്.

മരുഭൂമിയിൽ സുവർണ ചരിത്രം കുറിക്കുന്ന ദുബായുടെ ആദ്യ നാളുകളിലെ അഭിമാന അടയാളമായി പഴയ ചിത്രങ്ങളിൽ നിറഞ്ഞു നിന്നിരുന്ന പരസ്യ ബോർഡാണ് വെള്ള പശ്ചാത്തലത്തിൽ ചുവന്ന അക്ഷരങ്ങളുമായി തെളിഞ്ഞു നിന്നിരുന്ന "ടയോട്ട' എന്ന ബിൽബോർഡ്.

ഷെയ്ഖ് സായിദ് റോഡിലെ നാസർ റാഷിദ് ലൂത്ത ബിൽഡിംഗിന്‍റെ മുകളിലായിരുന്നു ചരിത്ര സാക്ഷിയായ ബോർഡ് സ്ഥാനം പിടിച്ചിരുന്നത്. അതോടെ ആ കെട്ടിടം "ടയോട്ട' ബിൽഡിംഗ് എന്ന് അറിയപ്പെട്ടിരുന്നു. അന്ന് ദുബായിൽ അടയാളമായി പറയാൻ ഉണ്ടായിരുന്നത് രണ്ടു കെട്ടിടങ്ങൾ മാത്രമായിരുന്നു. ഒന്ന് ദുബായ് ട്രേഡ് സെന്‍റും മറ്റൊന്ന് ടയോട്ട ബിൽഡിംഗും.

1981 ലാണ് ബോർഡ് സ്ഥാനം പിടിച്ചത്. എന്നാൽ അവിടെ ടയോട്ടയുടെ ഒരു ഓഫീസോ , വർക്‌ഷോപ്പോ ഇല്ലായിരുന്നു എന്നതാണ് കൗതുകകരമായ ഒരു വസ്തുത.

2018 ൽ കരാർ അവസാനിച്ചതോടെ ടയോട്ട കമ്പനി ബോർഡ് എടുത്തു മാറ്റി. അന്നു മുതൽ ദുബായിലെ ജനങ്ങൾ ആ ചരിത്രസാക്ഷിയെ തിരികെ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടു തുടങ്ങിയിരുന്നു. കഴിഞ്ഞ നാലു വർഷങ്ങളിലായി ഉയർന്ന ജനഹിതം മനസിലാക്കി ടയോട്ട വീണ്ടും അവിടെ പുതിയ ബോർഡ് സ്ഥാപിച്ച വികാരനിർഭരമായ ചടങ്ങിനു ദുബായ് സാക്ഷ്യം വഹിച്ചു.

ബോർഡ് പുനഃസ്ഥാപിച്ചതിന്‍റെ സന്തോഷം പങ്കു വയ്ക്കാനെത്തിയവരെ ടയോട്ട വെറും കൈയോടെ വിട്ടില്ല. ടയോട്ട കാറുകളുടെ ടെസ്റ്റ് ഡ്രൈവ് നടത്താൻ അവസരം നൽകി. വന്ന എല്ലാവർക്കും , അവിസ്മരണീയ മുഹൂർത്തത്തിന്‍റെ ചിത്രം പകർത്താൻ ഡിസ്പോസിബിൾ കാമറയും സമ്മാനിച്ചു.

യുഎഇ സ്ഥാപിതമായിട്ട് മൂന്നു വർഷങ്ങൾ പൂർത്തീകരിക്കുമ്പോഴാണ് ദുബായിലെ ആദ്യത്തെ റസിഡൻഷ്യൽ ബിൽഡിംഗ് ആയ നാസർ റാഷിദ് ലൂത്ത നിർമാണം പൂർത്തിയാക്കിയത്. ദുബായ് നഗരത്തിന്‍റെ പൗരാണികത ചിത്രീകരിക്കപ്പെട്ട പഴയ കാല ചിത്രങ്ങളിലെല്ലാം ഈ കെട്ടിടവും കെട്ടിടത്തിന്‍റെ മുകളിലെ ടയോട്ട ബോർഡും തെളിഞ്ഞു നിന്നിരുന്നു. ദുബായ് നഗരവാസികളുടെ ഗൃഹാതുര സ്മരണകളിൽ എന്നും നിറഞ്ഞു നിന്നിരുന്ന ബിൽബോർഡ് തിരികെ സ്ഥാപിച്ചതിന്‍റെ ആത്മാഭിമാനത്തിലാണ് ടയോട്ട കമ്പനി. നാലു പതിറ്റാണ്ടു മുന്പുള്ള ബിൽബോർഡിന്‍റെ പശ്ചാത്തലം ഇന്നത്തേതുമായി താരതമ്യം ചെയ്യുന്പോഴാണ് ദുബായ് നഗരം വെട്ടിപ്പിടിച്ച നേട്ടത്തിന്‍റെ നേർചിത്രം ലോകത്തിനു മുന്പ് തെളിയുക.