ഡ്രൈവിംഗ് ലൈസൻസ് കൈവശം ഇല്ലെങ്കിൽ പിഴ: കുവൈറ്റ് ട്രാഫിക് വകുപ്പ്
Saturday, November 27, 2021 3:06 AM IST
കുവൈറ്റ് സിറ്റി : ഒറിജിനൽ ഡ്രൈവിംഗ് ലൈസൻസ് കൈവശം വച്ചില്ലെങ്കില്‍ 15 ദിനാർ പിഴ നല്‍കേണ്ടിവരുമെന്ന് കുവൈറ്റ് ട്രാഫിക് അധികൃതര്‍ വ്യക്തമാക്കി.

നേരത്തെ മൈ ഐഡന്‍റിറ്റി ആപ്ലിക്കേഷനിൽ ഡിജിറ്റല്‍ ലൈസന്‍സ് അവതരിപ്പിച്ചിനെ തുടര്‍ന്നുണ്ടായ സംശയങ്ങളെ തുടര്‍ന്നാണ്‌ ട്രാഫിക് വകുപ്പ് വിശദീകരണ കുറിപ്പ് ഇറക്കിയത്.

നിലവിലെ ആർട്ടിക്കിൾ 42 നിയമപ്രകാരം ട്രാഫിക് പരിശോധനയില്‍ ഒറിജിനൽ ഡ്രൈവിംഗ് ലൈസൻസ് ആവശ്യമാണ്‌. ആർട്ടിക്കിൾ 36 ലെ ഖണ്ഡിക 4 അനുസരിച്ച് ഒറിജിനൽ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വണ്ടി ഓടിക്കുന്നത് ശിക്ഷാർഹമാണ്.

കുവൈറ്റ് മൊബൈല്‍ ഐ ഡി ആപ്ലിക്കേഷന് ലഭിച്ച സ്വീകാര്യത കണക്കിലെടുത്താണ് ഡ്രൈവിംഗ് ലൈസന്‍സും ഡിജിറ്റല്‍ രൂപത്തിലാക്കി മൊബൈല്‍ ഐ ഡിയില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനയില്‍ ഒറിജിനൽ ഡ്രൈവിംഗ് ലൈസൻസിനു പകരം ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് കാണിച്ച നിരവധി പേരില്‍ നിന്നും പിഴ ഈടാക്കിയതായി ട്രാഫിക് വൃത്തങ്ങള്‍ അറിയിച്ചു. ഡിജിറ്റല്‍ രൂപത്തിലേക്ക് മാറിയ ഡിജിറ്റല്‍ ലൈസന്‍സ് അംഗീകരിക്കണമെങ്കില്‍ ഇപ്പോയത്തെ ട്രാഫിക് നിയമത്തിൽ നിയമനിർമ്മാണ ഭേദഗതിയോ അല്ലെങ്കിൽ ഇലക്ട്രോണിക് ഡ്രൈവിംഗ് ലൈസൻസ് പരിഗണിക്കാനുള്ള സർക്കാരിന്‍റെ നയപരമായ തീരുമാനമോ ആവശ്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

സലിം കോട്ടയിൽ