വനിതാവേദി കുവൈറ്റ്‌ കേരളപിറവി ദിനാഘോഷവും വെബിനാറും സംഘടിപ്പിച്ചു
Thursday, November 18, 2021 9:35 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രധാന വനിതാ സംഘടനയായ വനിതാവേദി കുവൈറ്റ്‌ കേരളപിറവി ദിനാഘോഷവും അതോടനുബന്ധിച്ചു "സാമ്പത്തിക സുരക്ഷ ചെറുകിടപദ്ധതികൾ " എന്ന വിഷയത്തിൽ വെബിനാറും വിവിധ യൂണിറ്റുകളിലെ അംഗങ്ങളുടെ വൈവിദ്ധ്യമാർന്ന പാട്ടുകൾ കോർത്തിണക്കിയ സംഗീതസന്ധ്യയും സംഘടിപ്പിച്ചു.

ലോകകേരള സഭഅംഗം സാം പയനുംമൂടാണ് ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു. മതേതരത്വത്തിനും ജനാധിപത്യത്തിനും ലോകത്തിനു മാതൃകയാണ് കേരളം എന്നും സ്വാതന്ത്ര്യാനന്തര ഐക്യകേരള നിർമിതിക്കുശേഷം 1957ൽ തുടക്കമിട്ട ഭാവി കേരള നിർമിതിയുടെ തുടർച്ചയാണ് ഇന്നു വിദ്യാഭ്യാസം, ആരോഗ്യം, പൊതുഭരണം തുടങ്ങി നിരവധി മേഖലകളിൽ നേട്ടം കൈവരിച്ച നവകേരളം എന്നും അദ്ദേഹം അഭിപ്രായപെട്ടു.

വറുതിയുടെ കാലത്തും കേരളത്തെ ചേർത്തു പിടിക്കുകയും പ്രവാസി സൗഹൃദം കാത്തു സൂക്ഷിക്കാനും ഇന്നു കേരളത്തെ നയിക്കുന്നവർക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നോർക്ക ജനറൽ മാനേജർ അജിത് കോളാശേരി സാമ്പത്തിക സുരക്ഷ ചെറുകിട പദ്ധതികൾ എന്ന വിഷയത്തിൽ വെബിനാർ അവതരിപ്പിച്ചു.വനിതകൾക്കുള്ള സ്വയം തൊഴിൽ സംരംഭങ്ങൾ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തുന്നവർക്കുള്ള പ്രവാസി ഭദ്രതപദ്ധതികൾ, വിവിധ വായ്പപദ്ധതികൾ ആനുകൂല്യങ്ങൾ, നോർക്ക യുടെ ഉദ്ദേശലക്ഷ്യങ്ങൾ എന്നിവയെ പറ്റി അദ്ദേഹം വെബിനാറിൽ വിശദീകരിച്ചു.

തുടർന്നു പ്രവാസി ക്ഷേമ നിധി ബോർഡ്‌ ഡയറക്ടർ ബോർഡ്‌ അംഗം എൻ. അജിത് കുമാർ നോർക്കയും പ്രവാസി പദ്ധതികളും എന്ന വിഷയത്തെ ആസ്പദമാക്കി പൊതുവായുള്ള പ്രവാസി പദ്ധതികളെ പറ്റി വിശദീകരിച്ചു.

വനിതാവേദികുവൈറ്റ് പ്രസിഡന്‍റ് സജിത സ്കറിയ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ആശബാലകൃഷ്ണൻ സ്വാഗതവും ട്രഷറർ അഞ്ജന സജി നന്ദിയും പറഞ്ഞു. കേരള പിറവി സന്ദേശം കേന്ദ്ര കമ്മിറ്റി അംഗം അനിജ ജിജു അവതരിപ്പിച്ചു. വെബിനാർ വിഷയവുമായി ബന്ധപ്പെട്ടുള്ള ചോദ്യോത്തര പരിപാടി കേന്ദ്ര കമ്മിറ്റി അംഗം ഷെറിൻ ഷാജുവും .വിവിധ യൂണിറ്റുകൾ അവതരിപ്പിച്ച സംഗീത പരിപാടി "സംഗീത സന്ധ്യ "പ്രോഗ്രാം കൺവീനറും കേന്ദ്രകമ്മിറ്റി അംഗവുമായ സുനിത സോമരാജുo നിയന്ത്രിച്ചു.

സലിം കോട്ടയിൽ