"നൂറു കോടി വാക്സിന്‍' ഇന്ത്യന്‍ എംബസി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു
Friday, October 22, 2021 4:23 PM IST
കുവൈറ്റ് സിറ്റി: കോവിഡ് വാക്സിനേഷനിൽ ഇന്ത്യയില്‍ നൂറു കോടി ഡോസ് എന്ന ചരിത്രനേട്ടം സ്വന്തമാക്കിയതിന്‍റെ ഭാഗമായി "ഇന്ത്യ: ദ ഗ്ലോബല്‍ ഹെല്‍ത്ത്‌കെയര്‍ ഡെസ്റ്റിനേഷന്‍' എന്ന ശീര്‍ഷകത്തില്‍ ആഘോഷ പരിപാടികള്‍ ഇന്ത്യന്‍ എംബസിയില്‍ സംഘടിപ്പിച്ചു.

ആഘോഷ പരിപാടികൾ ‌അംബാസഡർ സിബി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ഓഡിയോ സന്ദേശം നല്‍കി. പരിപാടികളുടെ ഭാഗമായി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സ്തനാര്‍ബുദ ബോധവത്കരണ കാമ്പയിനും സംഘടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറത്തിന്‍റെയും ഇന്ത്യന്‍ വിമന്‍സ് നെറ്റ്വര്‍ക്കിന്‍റെയും സഹകരണത്തോടെയാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

എംബസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഡോ. മധു ഗുപ്ത, ഡോ. സുസോവന സുജിത് നായര്‍, ഡോ. റിഫാത്ത് ജെഹാന്‍, ഡോ. തസ്മീം അമീര്‍, ഡോ. തസ്‌നീം ജസ്വി എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ പങ്കെടുത്ത നിരവധി സ്ത്രീകള്‍ മെഡിക്കല്‍ സ്‌ക്രീനിംഗ് സൗകര്യം പ്രയോജനപ്പെടുത്തി.

ഒക്ടോബര്‍ 27 വരെ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചു വരെ എംബസി പരിസരത്ത് ക്യാമ്പ് ഉണ്ടായിരിക്കുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു.

സലിം കോട്ടയിൽ