രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
Saturday, September 25, 2021 6:53 PM IST
കുവൈറ്റ് സിറ്റി: പിസ എക്സ്പ്രസ് കുവൈറ്റും ബിഡികെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി സെൻട്രൽ ബ്ലഡ് ബാങ്കിന്‍റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ ബ്ലഡ് ബാങ്കിൽ സെപ്റ്റംബർ 22 നു സംഘടിപ്പിച്ച ക്യാമ്പിൽ മുപ്പതിലധികം പിസ എക്സ്പ്രസ് ജീവനക്കാർ രക്തദാനം നിർവഹിച്ചു.

ക്യാമ്പിന്‍റെ ഔപചാരിക ഉദ്ഘാടനം പിസ എക്സ്പ്രസ് ബിസിനസ് മാനേജർ അനുപ ബെന്നി നിർവഹിച്ചു. പിസ എക്സ്പ്രസ് റസ്റ്ററന്‍റ് ഗ്രൂപ്പ് ഏറ്റെടുത്തു നടത്തിവരുന്ന വിവിധങ്ങളായ സിഎസ് ആർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്നും ഇതിന്‍റെ ഭാഗമായി ജീവനക്കാരെ പങ്കെടുപ്പിച്ചു കൊണ്ട് ബീച്ച് ക്ലീനിംഗ് ഉൾപ്പെടെയുള്ള പരിപാടികൾ മുന്പു ചെയ്തിരുന്ന കാര്യം അനൂപ ബെന്നി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

. റസ്റ്ററന്‍റ് ഗ്രൂപ്പിന്‍റെ കുവൈറ്റിലെ വിവിധ ശാഖകളിലെ ജീവനക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികളിലൂടെ പരസ്പരം നേരിൽ കാണാനും സൗഹൃദം പങ്കുവയ്ക്കാനുമുള്ള അവസരം നൽകുന്നതോടൊപ്പം തന്നെ പ്രസ്തുത കൂടിച്ചേരലുകളിലൂടെ സമൂഹത്തിനു നൻമ പകരുന്ന രീതിയിലുള്ള ഏതെങ്കിലുമൊരു പ്രവർത്തനം കൂടി ചെയ്യുക എന്നതാണ് തങ്ങളുടെ ഉദ്ദേശമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഓപ്പറേഷൻസ് മാനേജർ ആശിഷ് സിക്ക പറഞ്ഞു.

ചടങ്ങിൽ കോവിഡ് മഹാമാരിയുടെ കാലത്തും കരുതലോടെ സേവനം ചെയ്യുന്ന കുവൈറ്റ് ബ്ലഡ് ബാങ്കിലെ ജീവനക്കാരെ ആദരിച്ചു. പിസ എക്സ്പ്രസ്എക്സിക്യൂട്ടീവ് ഷെഫ് മനോജ് വിശ്വംഭരൻ ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നടത്തിയ ജീവനക്കാരെ അഭിനന്ദിച്ചു സംസാരിച്ചു.

ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചതിന് പിസ എക്സ്പ്രസ് ടീമിനുള്ള പ്രശംസാ ഫലകം യമുന രഘുബാൽ ബിഡികെ, ഓപ്പറേഷൻസ് മാനേജർ ആശിഷ് സിക്കക്കു കൈമാറി. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. റസ്റ്ററന്‍റ് മാനേജർ വിഷ്ണുപ്രസാദ് സ്വാഗതവും ജിതിൻ ജോസ് ബിഡികെ നന്ദിയും പറഞ്ഞു.

പിസ എക്സ്പ്രസിന്‍റെ വിവിധ റസ്റ്ററന്‍റുകളിലെ മാനേജർമാരായ ആനന്ദ് ആന്‍റോ, സലിൽ ചന്ദ്രൻ, സിജി റോക്ക് വേഗാസ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് റോഷൽ, ബിഡികെ പ്രവർത്തകരായ നളിനാക്ഷൻ, ബിനിൽ, രഞ്ജന ബിനിൽ, വിഷ്ണു എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.

കുവൈത്തിൽ രക്തദാനക്യാമ്പുകളും, ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുവാൻ താല്പര്യമുള്ള സംഘടനകളും സ്ഥാപനങ്ങളും കൂടാതെ രക്തം ആവശ്യമായി വരുന്ന അടിയന്തര സാഹചര്യങ്ങളിലും 6999 7588 / 9916 4260 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

സലിം കോട്ടയിൽ