കുവൈറ്റ് സിറ്റി: കുവൈറ്റ് മലയാളികളിലെ കാർഷിക അഭിരുചി പ്രോത്സാഹിപ്പിക്കുക, കാർഷിക സംസ്കാരം നിലനിർത്തുക എന്നീ ലക്ഷ്യങ്ങളോടെ കല കുവൈറ്റിന്റെ നേതൃത്വത്തിൽ നടത്തിയ കുവൈറ്റ് മലയാളികളുടെ ജനകീയ പരിപാടിയായ "എന്റെ കൃഷി 2020 - 21 'കാർഷിക മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.
സാൽമിയ മേഖലയിൽ നിന്നുള്ള ഷൈബു കരുണ് കർഷകശ്രീ (ഒന്നാം സ്ഥാനം) പുരസ്കാരവും, കർഷക പ്രതിഭ (രണ്ടാം സ്ഥാനം) പുരസ്കാരം അബുഹലീഫ മേഖലയിൽ നിന്നുള്ള ജയകുമാറും, കർഷക മിത്ര (മൂന്നാം സ്ഥാനം) പുരസ്കാരം അബുഹലീഫ മേഖലയിൽ നിന്നുള്ള രാജൻ തോട്ടത്തിലും നേടി. കല കുവൈറ്റിന്റെ നാലുമേഖലകളിൽ നിന്നായി 21 പേർക്കുള്ള പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്.
അഞ്ഞൂറോളം മൽസരാർഥികളാണ് ഒക്ടോബർ മുതൽ മാർച്ച് വരെ ആറുമാസക്കാലം ഫ്ളാറ്റുകളിലും, ബാൽക്കണികളിലും, ലഭിച്ച സ്ഥലങ്ങളിലും കൃഷി ചെയ്ത് ഈ മത്സരത്തിൽ പങ്കാളികളായത്. കൃഷി ചെയ്യുന്ന ഇനങ്ങളുടെ വൈവിദ്ധ്യം, കാർഷിക ഇനങ്ങൾ ഒരുക്കിയിരിക്കുന്ന രീതി, അനുവർത്തിക്കുന്ന കൃഷി രീതികൾ, കുടുംബാംഗങ്ങളുടെ പങ്കാളിത്തം, ദൈനംദിന പരിചരണത്തിലും കൃഷി രീതികൾ സ്വായത്തമാക്കുന്നതിലുമുള്ള കുട്ടികളുടെ പങ്കാളിത്തം, പാഴ് വസ്തുക്കളുടെ പുനരുപയോഗം എന്നിവ മാനദണ്ഡമാക്കിയാണ് വിജയികളെ തെരഞ്ഞെടുത്തത്.
ഫഹാഹീൽ മേഖലയിൽ നിന്ന് മഹേഷ് പീറ്റർ, അജിത് ചാക്കോ, ലക്ഷ്മി സുരേഷ്, സജി ജോർജ്, ജയൻ വർഗീസ് എന്നിവരും അബുഹലീഫ മേഖലയിൽ നിന്ന് സുരേഷ്, സഫീന ഷജീർ, ശ്രീനി കെ പണിക്കർ, തോമസ് സെബാസ്റ്റ്യൻ, തോമസ് കെ.തോമസ് എന്നിവരും സാൽമിയ മേഖലയിൽ നിന്ന് രേഖ സുധീർ, ഷൈനി, ജോണ്സണ്, ബേബി തോമസ്, മാനുവൽ ഷിബു വർഗീസ് എന്നിവരും അബ്ബാസിയ മേഖലയിൽ നിന്ന് ആൻസൻ പത്രോസ്, ജസ്റ്റിൻ ഉൗക്കൻ, സജിലു തോമസ്, ലത കെ.ജി, സ്റ്റീഫൻ വർഗീസ്, ലിബു ടൈറ്റസ സഖറിയ എന്നിവരും പ്രോത്സാഹന സമ്മാനങ്ങൾക്കും അർഹരായി. വിജയികൾക്ക് എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നതായി കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ നൗഷാദ് എന്നിവർ പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ