"പ്രവാസികള്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് സൗജന്യമാക്കിയ കേരള സർക്കാർ തീരുമാനം സ്വാഗതാർഹം'
Friday, February 26, 2021 5:38 PM IST
റിയാദ് : വിദേശത്തുനിന്ന് വരുന്ന പ്രവാസികള്‍ക്ക് സൗജന്യമായി ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താനുള്ള കേരള സർക്കാരിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കേളി കലാസാംസ്കാരിക വേദി.

കേന്ദ്ര സർക്കാരിന്‍റെ നിബന്ധന പ്രകാരം വിദേശത്ത് നിന്നും 72 മണിക്കൂറിനുള്ളിൽ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റും വിമാനത്താവളത്തിൽ എത്തിയ ഉടനെ കോവിഡ് ഇല്ല എന്ന് സ്ഥിരീകരിക്കുന്നതിനുള്ള ടെസ്റ്റും ചെയ്തിരിക്കണം. ഇതിനൊക്കെ പ്രവാസികൾ സ്വന്തം നിലയിൽ പണം മുടക്കേണ്ടതായിട്ടുണ്ട്. വിവിധ വിമാനത്താവളങ്ങളിൽ വ്യത്യസ്ത നിരക്കുകളാണ് ഇത്തരം പരിശോധനകൾക്ക് ഈടാക്കാൻ തുടങ്ങിയിരിക്കുന്നത്. തുച്ഛ വരുമാനക്കാരായ പ്രവാസികളെയും കുടുംബമായി വരുന്ന പ്രവാസികളേയുമാണ് ഇത് വലിയ തോതിൽ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ആര്‍ടിപിസിആര്‍ ടെസ്റ്റ് സൗജന്യമായി നടത്താനുള്ള കേരള സർക്കാരിന്‍റെ തീരുമാനം വിദേശങ്ങളിൽ നിന്നും വരുന്ന പ്രവാസികൾക്ക് വലിയ ആശ്വാസം പകരുന്നതാണ്.

കേരളസർക്കാരിന്‍റെ പ്രവാസികളെ സഹായിക്കുന്ന ഇത്തരം തീരുമാനം സ്വാഗതം ചെയ്യുന്നതോടൊപ്പം യാത്രക്ക് മുൻപ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് എടുക്കണമെന്നുള്ള കേന്ദ്ര സർക്കാരിന്‍റെ പ്രവാസി വിരുദ്ധ തീരുമാനം ഉടൻ പിൻവലിക്കണമെന്നും കേളി സെക്രട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.