കേളി ഇടപെടൽ ശമ്പളവും ഭക്ഷണവും ലഭിക്കാത്ത പ്രവാസികളെ നാട്ടിലെത്തിച്ചു
Friday, February 19, 2021 4:24 PM IST
റിയാദ് : മാസങ്ങളായി ജോലിയോ,ശമ്പളമോ, ഭക്ഷണമോ ലഭിക്കാതെ കഷ്ടപ്പെടുകയായിരുന്ന പ്രവാസി മലയാളികളെ കേളി കലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗത്തിന്‍റെ ഇടപെടലിലൂടെ നാട്ടിലെത്തിച്ചു. തിരുവനന്തപുരം സ്വദേശി സുഭാഷ്, തൃശൂർ സ്വദേശി സുരേഷ് എന്നിവരെയാണ് കേളിയുടെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചത്.

റിയാദ് സുലൈയിലെ ഒരു സ്വകാര്യ കമ്പനി തൊഴിലാളികളായ ഇവർക്ക് ജോലി ചെയ്ത നാലു മാസത്തെ ശമ്പളം ലഭിച്ചിരുന്നില്ല. ജോലിയും ശമ്പളവുമില്ലാതെ ഭക്ഷണത്തിനു ബുദ്ധിമുട്ടുന്ന ഇവരുടെ ദുരവസ്ഥ മനസിലാക്കിയ കേളിയുടെ ജീവകാരുണ്യ പ്രവർത്തകർ ആഹാരം പാചകം ചെയ്യുന്നതിനുള്ള സാധനങ്ങളും പാചക വാതകവും എത്തിച്ചു നൽകി. തുടർന്ന് സ്പോൺസറുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും ഇവരുടെ ശമ്പള കുടിശിക നൽകാനോ ഇവരെ നാട്ടിലെത്തിക്കാനുള്ള വിമാന ടിക്കറ്റ് നൽകാനോ സ്പോൺസർ തയാറായില്ലെങ്കിലും ടിക്കറ്റ് നൽകിയാൽ ഫൈനൽ എക്സിറ്റ് വീസ അടിച്ച് നൽകാമെന്ന് സമ്മതിച്ചു.

തൃശൂർ സ്വദേശി സുരേഷിനുള്ള ടിക്കറ്റ് കേളിയുടെ സുലൈ ഏരിയ കമ്മിറ്റിയും തിരുവനന്തപുരം സ്വദേശി സുഭാഷിന് അദ്ദേഹത്തിന്‍റെ ഭാര്യ നാട്ടിൽ നിന്നും ടിക്കറ്റ് ഏർപ്പാട് ചെയ്തെങ്കിലും ദുബായ് വഴിയുള്ള ടിക്കറ്റ് ആയതിനാൽ സുലൈ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് ടെസ്റ്റ് പൂർത്തിയാക്കി ഇരുവരെയും നാട്ടിലേക്ക് കയറ്റിവിട്ടു. തങ്ങളെ സഹായിച്ച കേളിയുടെ ജീവകാരുണ്യ പ്രവർത്തകരോടുള്ള കടപ്പാടും നന്ദിയും അറിയിച്ചു കൊണ്ടാണ് രണ്ടുപേരും നാട്ടിലേക്ക് യാത്രയായത്.