ദുബായ് റൈഡ് നവംബർ 20ന്; ഷെയ്ഖ് സായദ് ഹൈവേ സൈക്കിൾ പാതയായി മാറും
Wednesday, November 18, 2020 5:03 PM IST
ദുബായ് : ഷെയ്ഖ് സായിദ് റോഡ് സൈക്കിൾ പാതയായി മാറുന്ന അപൂർവ്വ കാഴ്ചക്ക് നവംബർ 20ന് (വെള്ളി) ദുബായ് നഗരവാസികൾ സാക്ഷ്യം വഹിക്കും . കുടുംബത്തോടൊപ്പം സൈക്കിളിൽ 4 കിലോമീറ്റർ ദൂരം ഒരു ഉല്ലാസയാത്ര നടത്തുന്നതിനും അവസരമൊരുക്കിക്കൊണ്ടാണ് ദുബായ് റൈഡ് അരങ്ങേറുക .

ദുബായ് ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായാണ് ദുബായ് റൈഡ് സംഘടിപ്പിക്കുന്നത്. 4 കിലോമീറ്റർ , 14 കിലോമീറ്റർ ദൂരപരിധിയുള്ള രണ്ടു സൈക്കിൾ റൈഡുകളാണ് ഉണ്ടാകുക. 14 കിലോമീറ്റർ വിഭാഗത്തിൽ 13 വയസിനു മുകളിൽ പ്രായമുള്ള സൈക്ലിങ്ങിൽ പരിചയസമ്പത്തുള്ളവരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. എന്നാൽ 4 കിലോമീറ്റർ ദൂരത്തിൽ കുടുംബാംഗങ്ങളോടൊത്തു സൈക്കിൾ ചവിട്ടുന്നതിനാണ് അവസരം ഒരുക്കിയിരിക്കുന്നത്. രണ്ടു റൂട്ടുകളിലൂടെയാണ് ദുബായ് റൈഡ് നടത്തുക എന്ന് ദുബായ് മീഡിയ ഓഫീസിൽ അറിയിച്ചു.

നഗരത്തിന്‍റെ ഹൃദയ ഭാഗങ്ങളിലൂടെ ദുബായിലെ ശ്രദ്ധേയമായ കെട്ടിടങ്ങളുടെ സമീപത്തൂടെയാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ദുബായ് മാളിലെ സിനിമ പാർക്കിംഗ് സെന്‍ററിൽ നിന്ന് ആരംഭിച്ച് ഡൗൺ ടൗൺ ദുബായിലൂടെ , സൂഖ് അൽ ബാഹർ വട്ടം ചുറ്റി ,ദുബായ് ഫൗണ്ടൻ ,ബുർജ് ഖലീഫ എന്നിവിടങ്ങളിലൂടെ ഫിനിഷ് പോയിന്‍റിലേക്കു നീങ്ങും . ദുബായ് വേൾഡ് ട്രേഡ് സെന്‍റരിൽ നിന്നും സഫാ പാർക്ക് വരെ നീളുന്ന മറ്റൊരു റൂട്ട് കൂടി ഉണ്ടാകും .

പേര് റജിസ്റ്റർ ചെയ്യുന്ന സമയം അനുസരിച്ചാകും റൂട്ട് നൽകുന്നതെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു . പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www .dubairide .com എന്ന ലിങ്കിൽ റജിസ്റ്റർ ചെയ്യണമെന്നും ,സൈക്കിൾ ,ഹെൽമറ്റ് ,മാസ്ക്ക് എന്നിവ കൊണ്ടുവരണമെന്നും സംഘാടകർ അറിയിച്ചു. റൈഡ് നടക്കുന്ന ഭാഗങ്ങളിൽ സൗജന്യ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഷെയ്ഖ് സായിദ് ഹൈവേയുടെ ഇരുവശങ്ങൾക്കും സൈക്കിൾ യാത്രക്കാരെ കൊണ്ട് നിറയുന്ന അപൂർവ കാഴ്ചയാകും അടുത്ത വെള്ളിയാഴ്ച്ചയുണ്ടാകുക എന്നും സംഘാടകർ അറിയിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള