കേളി വിദ്യാഭ്യാസ മേന്മാ പുരസ്കാരം വിതരണം ചെയ്തു
Thursday, October 15, 2020 5:46 PM IST
റിയാദ് : കേളി കലാസാംസ്കരികവേദിയുടെ അംഗങ്ങളുടെ കുട്ടികൾക്കായി വർഷംതോറും വിതരണം ചെയ്തു വരുന്ന വിദ്യാഭ്യാസ മേന്മാ പുരസ്കാര വിതരണോദ്ഘാടനം റിയാദിൽ നടന്നു.

ഈ വർഷം 26 കുട്ടികളാണ് പുരസ്‌കാരത്തിന് അർഹത നേടിയത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ വിതരണം മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി അതത് പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് നടത്തുന്നത്. മുൻ വർഷങ്ങളിൽ സംസ്ഥാനതലത്തിൽ മേഖല കേന്ദ്രീകരിച്ചും, ജില്ലാതലങ്ങൾ കേന്ദ്രീകരിച്ചുമായിരുന്നു വിതരണം നടത്തിയിരുന്നത്.

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും 90 ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങുന്ന കേളി അംഗങ്ങളുടെ കുട്ടികൾക്കാണ് പുരസ്‌കാരം വിതരണം ചെയ്യുന്നത്.

കേളി സെക്രട്ടറിയേറ്റ് അംഗവും ജോയിന്‍റ് ട്രഷററുമായ സെബിൻ ഇഖ്ബാലിന്‍റെ മകൾ അംന സെബിൻ ആണ് റിയാദിൽ പുരസ്‌കാരത്തിന് അർഹയായത്. ഇന്ത്യൻ എംബസി സ്കൂൾ വിദ്യാർഥിയായ അംന സെബിൻ പത്താം ക്ലാസിലെ സ്‌കൂൾ സെക്കൻഡ് ടോപ്പ് സ്‌കോറർ കൂടിയാണ്.

ബത്തയിൽ സംഘടിപ്പിച്ച പുരസ്‌കാര വിതരണ ചടങ്ങിൽ കേളി പ്രസിഡന്‍റ് ഷമീർ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷൗക്കത് നിലമ്പൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കേളി മുഖ്യ രക്ഷാധികാരിയും ലോക കേരള സഭ അംഗവുമായ കെ.പി.എം. സാദിഖ് ഉദ്ഘാടനം നിർവഹിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സജീവൻ ചൊവ്വ, സതീഷ് കുമാർ, ഗോപിനാഥൻ വേങ്ങര, സുധാകരൻ കല്ല്യാശേരി, കേളി സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.ആർ.സുബ്രഹ്മണ്യൻ, സുരേഷ് കണ്ണപുരം, സെബിൻ ഇഖ്ബാൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ അംന സെബിന് പുരസ്കാരം കൈമാറി. സെക്രട്ടറിയേറ്റ് അംഗം ജോസഫ് ഷാജി ചടങ്ങിന് നന്ദി പറഞ്ഞു.