താമസാനുമതി രേഖകൾ കൈവശമില്ലാത്തവർ രജിസ്ടേഷൻ ഉടൻ നടത്തണം: കുവൈറ്റ് അംബാസഡർ
Friday, September 18, 2020 7:19 PM IST
കുവൈറ്റ് സിറ്റി: ഏതെങ്കിലും കാരണങ്ങളാൽ താമസാനുമതി രേഖകൾ നഷ്ടപ്പെട്ടർ എംബസിയുടെ രജിസ് ട്രേഷൻ ഡ്രൈവിൽ രജിസ്റ്റർ ചെയ്യണമെന്ന് കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്.

ഇന്ത്യയിൽ നിന്നും തിരികെ വരാൻ കഴിയാത്തവരും ജോലി നഷ്ടപ്പെട്ടവരുമായ നിരവധി ആളുകൾ ഇപ്പോഴും നാട്ടിലുണ്ടെന്നും ഇത്തരക്കാരുടെ കുവൈറ്റ് ബാങ്ക് നിക്ഷേപങ്ങൾ, വാഹനം, കുട്ടികളുടെ ടിസി, ജോലി ചെയ്ത കമ്പനികളിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ എന്നിവ ലഭിക്കേണ്ടവർ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ സിബി ജോർജ് ആവശ്യപ്പെട്ടു. വിവിധ സംഘടനകൾ പ്രത്യേക താല്പര്യമെടുത്ത് ഇത്തരക്കാരെ പരമാവധി രജിസ്റ്റർ ചെയ്യിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എയിംസ് സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ, ബാബുജി ബത്തേരി, ഹബീബ് മുറ്റിച്ചൂർ, അഡ്വ. ജോൺ തോമസ്സ്, സാം നന്തിയാട്ട്, എൻ.എസ്. ജയൻ എന്നിവരോട്, കോവിഡ് കാല പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് അംബാസഡർ ഈ നിർദ്ദേശം മുന്നോട്ട് വച്ചത്.

എംബസി നടത്തുന്ന ഓപ്പൺ ഹൗസ്, സാധാരണക്കാരുടെ സൗകര്യാർഥം, ജലീബ്, മെഹബുള്ള, സാൽമിയ എന്നീ സ്ഥലങ്ങളിൽ കൂടി ക്രമീകരിക്കണമെന്നും തിരികെ നാട്ടിലേക്ക് പോകുന്നവർക്ക്, പുനരധിവാസ അവബോധവും അവർക്ക് സ്വന്തം നാട്ടിലാരംഭിക്കുവാൻ കഴിയുന്ന സംരഭങ്ങൾക്ക് വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകുന്ന, സ്ഥിരം എംബസി ബിസിനസ് ഗൈഡൻസ് സെന്‍റർ ആരംഭിക്കണമെന്നും ജലീബിലെ ഡ്രെയിനേജ് , പാർക്കിംഗ് പ്രശനങ്ങൾക്ക് സ്ഥായിയായ പരിഹാരം കാണണമെന്നും എയിംസ് പ്രതിനിധികൾ ചർച്ചയിൽ ആവശ്യപ്പെട്ടു.

റിപ്പോർട്ട്: സലിം കോട്ടയിൽ