കരിപ്പൂർ രക്ഷാപ്രവർത്തകരെ കൊണ്ടോട്ടി സെന്‍റർ ആദരിക്കും
Friday, August 14, 2020 3:42 PM IST
ജിദ്ദ: കോഴിക്കോട് എയർപോർട്ട് വിമാന ദുരന്ത സമയത്ത് രക്ഷാദൗത്യത്തിൽ പങ്കെടുത്ത മുഴുവൻ സന്നദ്ധ സേവകരെയും കൊണ്ടോട്ടി സെന്‍റർ ജിദ്ദ ആദരിക്കുന്നു. കൊണ്ടോട്ടി സെന്‍റർ ജിദ്ദയുടെ ഭാഗമായി പ്രവർത്തിക്കുന്ന കൊണ്ടോട്ടി സെന്‍റർ ട്രസ്റ്റായിരിക്കും അനുമോദന ചടങ്ങുകൾക്ക് നേതൃത്വം നൽകുക. രാഷ്ട്രീയ സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖർക്ക്‌ പുറമെ എയർപോർട്ട് അതോറിറ്റി, ഫയർ ആൻഡ് റെസ്ക്യു, പോലീസ് എന്നീ വിഭാഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

എയർ ഇന്ത്യ എക്സ്പ്രസ് വിമാന അപകടത്തിൽപെട്ട 190 പേരെ രണ്ട്‌ മണിക്കൂറിനുള്ളിൽ പ്രതികൂല കാലാവസ്ഥയും അപകട സാധ്യതയും വകവയ്ക്കാതെ പുറത്തെടുത്ത് സ്വന്തം വാഹനത്തിൽ ഹോസ്പിറ്റലുകളിൽ എത്തിച്ച ത്യാഗസന്നതർക്ക് കൊണ്ടോട്ടി സെന്‍റർ എക്‌സിക്യുട്ടീവ് യോഗം അഭിനന്ദനങ്ങൾ അറിയിച്ചു. മാനവ ജനതക്ക് മാതൃകയാണ് ഈ മഹനീയ പ്രവർത്തനം. പ്രതികൂല കാലാവസ്ഥയും കോവിഡ് നിയന്ത്രണവുമടക്കം ഒഴിഞ്ഞുമാറാൻ ഏറെ അവസരമുണ്ടായിട്ടും മനസും ശരീരവും പൂർണമായി അവർ മറ്റുള്ളവരുടെ ജീവനുവേണ്ടി സമർപ്പിച്ചു എന്നും യോഗം വിലയിരുത്തി.

ദുരന്തത്തിന്‍റെ പേരിൽ കരിപ്പൂർ വിമാനത്താവളത്തെ തരം താഴ്ത്തുന്ന ചർച്ചകളും മീഡിയ റിപ്പോർട്ടുകളും അനവസത്തിലാണ്. തീർത്തും ദൗർഭാഗ്യകരമാണ് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ദുരന്തം. മരണപ്പെട്ട എല്ലാവർക്കും ആദരഞ്ജലികൾ അർപ്പിക്കുന്നു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് സർക്കാർ വിദഗ്‌ധ ചികിൽത്സയും അർഹമായ നഷ്ടപരിഹാരവും നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു.

പ്രകൃതി ദുരന്തങ്ങൾ കേരളത്തിൽ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ കൊണ്ടോട്ടി സെന്‍റർ ട്രസ്റ്റിന്‍റെ കീഴിൽ വിവിധ മേഖലകളിലെ വിദഗ്‌ധരെ ഉൾപ്പെടുത്തി ഒരു വോളന്‍റിയർ ടീമിന് രൂപം നൽകും. കൊണ്ടോട്ടിയുടെ ഹൃദയ ഭാഗത്ത് പ്രവർത്തിക്കുന്ന ട്രസ്റ്റ് ഓഫീസ് ഇതിന്‍റെ ഏകോപനത്തിനും റെസ്ക്യു ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനും ഉപയോഗപ്പെടുത്തും. കോവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യ ത്തിൽ കൊണ്ടോട്ടി മുൻസിപ്പാലിറ്റിയിലെ സർക്കാർ ആശുപത്രി, ബസ്റ്റാന്‍റ് , മറ്റ് പൊതു ഇടങ്ങളിലും അണു നശീകരണ സ്റ്റാൻറ്റുകൾ സ്ഥാപിക്കും.

കഴിഞ്ഞ ദിവസം ചേർന്ന പ്രത്യേക എക്സിക്യൂട്ടീവ് യോഗത്തിൽ സലിം മധുവായി, റഹ്മത്തലി എരഞ്ഞിക്കൽ, കബീർ കൊണ്ടോട്ടി, റഫീഖ് മങ്കായി എ.ടി. ബാവ തങ്ങൾ, കുഞ്ഞു കടവണ്ടി തുടങ്ങിയവർ സംസാരിച്ചു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ