കരിപ്പൂർ വിമാനദുരന്തം: യാത്രകാർക്കായ്‌ ജികെപിഎ നിയമസഹായ സെൽ രൂപീകരിച്ചു
Monday, August 10, 2020 9:15 PM IST
കുവൈറ്റ് സിറ്റി: കരിപ്പൂർ വിമാനദുരന്തത്തിൽ മരണപ്പെട്ടവർക്കും പരിക്ക്‌ പറ്റിയവർക്കും എയർലൈൻസ് ഇൻഷ്വറൻസ്‌‌, സർക്കാർ ഇതര പ്രഖ്യാപിത നഷ്ടപരിഹാരങ്ങൾ സമയബന്ധിതമായി സൗജന്യ സേവനമായി നേടികൊടുക്കാൻ പ്രവാസികളുടെ ആഗോള കൂട്ടായ്മ ജികെപിഎ ഭാരവാഹികളുടെയും വിദഗ്ദരുടെയും നിയമസഹായ സമിതിക്ക്‌ രൂപം കൊടുത്തതായി സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. പരിക്ക്‌ പറ്റിയ യാത്രക്കാരെയും മരണപ്പെട്ടവരുടെ ബന്ധുക്കളെയും ഏകോപിപ്പിച്ച്‌ കോഴിക്കോട്ട്, ജികെപിഎ ഹെല്പ് ഡെസ്ക് തുറക്കാൻ തീരുമാനിച്ചതായും സംസ്ഥാന പ്രസിഡന്‍റ് സിദ്ദിഖ്‌ കൊടുവള്ളി അറിയിച്ചു.

മംഗലാപുരം വിമാനദുരന്തം, 2018-19 ലെ പ്രളയദുരന്തം തുടങ്ങിയവ സംഭവിച്ചപ്പോൾ "പ്രവാസികൾ' ആയതുകൊണ്ട്‌ നാട്ടിലെ നിയമവ്യവസ്തിതിയിലെ അജ്ഞാതയും വർഷങ്ങളായി നാട്ടിൽ നിന്നുമാറി നിൽക്കുന്നതിനാലും കുറഞ്ഞ അവധികൾക്കകത്ത്‌ നിന്ന് കാര്യങ്ങൾ പൂർത്തിയാക്കുന്നതിനുള്ള തടസം കാരണവും ന്യായമായ നഷ്ടപരിഹാരങ്ങൾ ലഭിക്കാതെ മുൻപ്‌ നിശബ്ദരാക്കപ്പെട്ടത്‌ ആവർത്തിക്കാതിരിക്കാനുമാണ് ഇതുകൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്ന് ജനറൽ സെക്രട്ടറി ഡോ. എസ്‌. സോമൻ ‌പറഞ്ഞു.

പ്രഖ്യാപിത സഹായങ്ങൾ പലപ്പോഴും പ്രഖ്യാപനങ്ങൾ ആയി ഒതുങ്ങുകയും ഒറ്റക്ക്‌ ഒറ്റക്ക്‌ നിന്ന് ഒന്നും ലഭിക്കാതെ പോവുകയും ചെയ്യുന്നതും ഇൻഷ്വറൻസ്‌ ലഭ്യമാക്കിത്തരാം എന്ന വാഗ്ദാനം നൽകി അഡ്വാൻസ്‌ കൈപറ്റി ചൂഷണം ചെയ്യുന്ന ചില ഇൻഷ്വറൻസ്‌ ഏജന്‍റുമാരിൽ നിന്നും സംരക്ഷണം നൽകാനും നഷ്ടപരിഹാരം ലഭിക്കാൻ കൃത്യമായ രേഖകൾ സമർപ്പിക്കാൻ പിന്തുണ നൽകാനുള്ള പരിശ്രമത്തിലാണ്. ഇതിന്‍റെ വിജയത്തിനായി സഹകരിക്കുന്ന എല്ലാ കൂട്ടായ്മകളുമായും വ്യക്തികളുമായും സഹകരിക്കാനും ‌സംഘടന സന്നദ്ധരാണ്.

നിലവിൽ പ്രാഥമിക സമിതിയിൽ ജികെപിഎ ഭാരവാഹികളായ സിദിഖ്‌ കൊടുവള്ളി (സ്റ്റേറ്റ്‌ പ്രസിഡന്‍റ്), ഡോ: എസ്‌ സോമൻ ( സ്റ്റേറ്റ്‌ ജനറൽ സെക്രെട്ടറി) , എം.എം. അമീൻ (സ്റ്റേറ്റ്‌ ട്രഷറർ) , ഹബീബ്‌ പട്ടാമ്പി ( സ്റ്റേറ്റ്‌ വൈസ്‌ പ്രസിഡന്‍റ്), സൈമൻ അലക്സാണ്ടർ ( സ്റ്റേറ്റ്‌ മെംബെർഷിപ്‌ കോഓർഡിനേറ്റർ), അഡ്വ നോബൽ രാജു (ലീഗൽ അഡ്വൈസർ) , മജീദ്‌ പൂളക്കാടി (സൗദി ചാപ്റ്റർ പ്രസിഡന്‍റ്) എന്നിവരും മലപ്പുറം, പാലക്കാട്‌, കോഴിക്കോട്‌, വയനാട്‌, കണ്ണൂർ, കാസർഗോഡ് പ്രതിനിധികളും ആണു ഉള്ളത്‌.

റിപ്പോർട്ട്: സലിം കോട്ടയിൽ