കുവൈറ്റിൽ നമസ്കാരത്തിനായി മസ്ജിദുകൾ തുറന്നു
Monday, August 10, 2020 8:45 PM IST
കുവൈറ്റ് സിറ്റി: രാജ്യത്തെ മസ്ജിദുകൾ നമസ്കാരത്തിനായി തിങ്കളാഴ്ച മുതല്‍ തുറന്നു കൊടുത്തു. കഴിഞ്ഞ ദിവസമാണ് ളുഹർ നമസ്കാരം മുതൽ പള്ളികൾ തുറന്നുകൊടുക്കാൻ ഔഖാഫ് മന്ത്രാലയം വിവിധ ഗവർണറേറ്റുകളിലെ മസ്ജിദ്കാര്യ ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്കിയത് .

15നും 60നും ഇടക്ക് പ്രായമുള്ളവർക്ക് മാത്രമാണ് പ്രവേശനം. പകർച്ചവ്യാധി പോലുള്ള രോഗങ്ങൾ ഉള്ളവർക്കും ശരീരോഷ്മാവ് 37.5 ഡിഗ്രിയിൽ കൂടുതൽ ഉള്ളവർക്കും പ്രവേശനമുണ്ടാവില്ലെന്ന് അധികൃതര്‍ അറിയിച്ചു.

നേരത്തെ സ്വദേശി താമസ മേഖലയില്‍ ജൂൺ 10 മുതൽ അഞ്ചു നേരത്തെ നിർബന്ധ നമസ്കാരങ്ങൾക്ക് മാത്രമായി പള്ളികള്‍ തുറന്നു കൊടുത്തിരുന്നു. ആദ്യഘട്ടത്തിൽ പള്ളിയുടെ ഒരു ഭാഗം മാത്രമാവും തുറക്കുക. സ്ത്രീകളുടെ നമസ്കാര ഇടം അടഞ്ഞു കിടക്കും. 12 വയസിന് താഴെയും 60 വയസിന് മുകളിലുമുള്ളവരുടെ സുരക്ഷയെ കരുതി പള്ളിയിൽ എത്തുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. ബാങ്ക് വിളി സമയത്തോടനുബന്ധിച്ച് മാത്രമേ വിശ്വാസികൾക്ക് പള്ളിയിൽ എത്താനാവൂ. സ്വന്തം മുസല്ലയുമായി വേണം നമസ്കാരത്തിനെത്താൻ. മാസ്കും ഗ്ലൗസും നിർബന്ധമാണ്. ഒന്നര മീറ്റർ അകലത്തിൽ വേണം വിശ്വാസികൾ നമസ്കാരത്തിനായി അണിനിരക്കാൻ. നിരകൾ തമ്മിലും സുരക്ഷിത അകലം വേണം. നമസ്കാര ശേഷം പള്ളിയിൽ തങ്ങുവാനോ വിശ്രമിക്കുവാനോ പറ്റില്ല. നമസ്കാരം കഴിഞ്ഞാലുടൻ പള്ളികൾ അടച്ചിടും. ഹസ്തദാനമോ ആലിംഗനമോ പാടില്ല. കോവിഡ് ബാധയുള്ളവരുമായി ഇടപഴകുന്നവർ മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പള്ളിയിൽ വരുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. കടുത്ത അസുഖങ്ങൾ ഉള്ളവരും പ്രതിരോധ ശേഷി കുറഞ്ഞവരുമായ ആളുകൾ അവരവരുടെ സുരക്ഷയെക്കരുതിയും പളളിയിൽ വരുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ