ജിസിസി ട്രക്കുകൾക്ക് ഇനി അതിർത്തി കടക്കാം; സൗദി അതിർത്തികൾ തുറന്നു
Tuesday, August 4, 2020 5:54 PM IST
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് മഹാമാരി നിയന്ത്രണവിധേയമാകുന്നതോടൊപ്പം ജനജീവിതവും സാധാരണനിലയിലേക്ക് മടങ്ങുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഏറ്റവും കുറവ് വൈറസ് ബാധ സ്ഥിരീകരിച്ച തിങ്കളാഴ്ച ജിസിസി അതിർത്തികളെല്ലാം ചരക്ക് ഗതാഗതത്തിന് തുറന്നു കൊടുത്തുകൊണ്ട് സൗദി കസ്റ്റംസ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. ഇനി ജിസിസി രാജ്യങ്ങളിൽ നിന്നുള്ള ചരക്ക് ഗതാഗതം സുഗമമാകും.

തിങ്കളാഴ്ച സൗദിയിൽ 1258 പേർക്ക് മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധ 2,80,093 ആയെങ്കിലും അതിൽ 2,42,053 പേരും രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇനി ചികിത്സയിലുള്ളത് 35,091 പേർ മാത്രമാണ്. ഇതിൽ 2,017 പേരുടെ നില ഗുരുതരമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32 പേർക്ക് കൂടി ജീവഹാനി സംഭവിച്ചു. റിയാദ് (8), ജിദ്ദ (5), മക്ക (2), ഹൊഫൂഫ് (4), തായിഫ് (5), മദീന (1), മുബറസ് (1), ബുറൈദ (1), തബൂക് (1), മഹായിൽ (2), അൽറസ് (1), ബല്ലസ്മർ (1) എന്നിങ്ങനെയാണ് ഇന്നലെ മരണപ്പെട്ടത്.

തിങ്കളാഴ്ച ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്ത റിയാദിൽ 89 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റുള്ള നഗരങ്ങളിലെല്ലാം നൂറിൽ താഴെയായിരുന്നു രോഗ സ്ഥിരീകരണം. പുതുതായി 41,361 കൊവിഡ് ടെസ്റ്റുകൾ കൂടി രാജ്യത്ത് നടന്നു.

കോവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി അടച്ചിട്ടിരുന്ന ജി സി സി അതിർത്തികളാണ് സൗദി കസ്റ്റംസ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. എന്നാൽ അവശ്യ സാധനങ്ങളായ ഭക്ഷ്യവസ്തുക്കളും മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും കൊണ്ടുവരുന്ന ട്രക്കുകൾക്കോ വാഹങ്ങൾക്കോ അതിർത്തിയിൽ വിലക്കുണ്ടായിരുന്നില്ല. എല്ലാ കര അതിർത്തികളും ചരക്കുമായെത്തുന്ന വാഹങ്ങൾക്ക് ഇനി മുതൽ പ്രവേശനത്തിനായി തുറന്നതായി സൗദി കസ്റ്റംസിനെ ഉദ്ധരിച്ചു കൊണ്ട് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ട്രക്കുകൾ ഓടിക്കുന്ന ഡ്രൈവർമാർ അതിർത്തിയിൽ കോവിഡ് ടെസ്റ്റിന് വിധേയമാകണം.
സൗദിയിൽ ഇനിമുതൽ അന്താരാഷ്ട്ര അതിർത്തികളിലെത്തുന്ന കോവിഡ് രോഗികളെ കണ്ടെത്താനായി പരിശീലനം ലഭിച്ച നായകളേയും നിയോഗിക്കും. ഇതിനായി സൗദി കസ്റ്റംസ് നായകൾക്ക് വിദഗ്ദ്ധ പരിശീലനം നൽകി. അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും കര, നാവിക അതിർത്തികളിലും ഇവയുടെ സേവനം പ്രയോജനപ്പെടുത്തുമെന്നും സൗദി കസ്റ്റംസ് ഡയറക്ടർ അബ്ദുള്ള അൽ സലൂം പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ