പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കുവാനുള്ള കാലാവധി ഒരു വർഷത്തേക്ക് നീട്ടി
Saturday, August 1, 2020 8:09 PM IST
കുവൈറ്റ് സിറ്റി: കൊറോണ വ്യാപനത്തെതുടർന്നു രാജ്യത്തേക്കുള്ള വ്യോമ ഗതാഗതം നിര്‍ത്തിവച്ചതിനാല്‍ കുവൈത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുവാനുള്ള കാലാവധി ഒരു വർഷത്തേക്ക് ദീര്‍ഘിപ്പിച്ചതായി അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു.

നേരത്തെ ഇത് ആറ് മാസമായിരുന്നു. അതാണ് ഇപ്പോള്‍ 12 മാസമായി നീട്ടിയത്. ഇതോടെ എല്ലാത്തരം വീസക്കാര്‍ക്കും ഉത്തരവിന്‍റെ ഗുണഫലം ലഭിക്കും.

കോവിഡ് പാശ്ചാത്തലത്തില്‍ ആഭ്യന്തര വകുപ്പ് നേരത്തെ സന്ദര്‍ശക വീസയില്‍ രാജ്യത്ത് പ്രവേശിച്ചവര്‍ക്കായി 2020 മേയ് 31 മുതൽ ഓഗസ്റ്റ് 31 വരെ മൂന്ന് മാസത്തേക്ക് തല്‍ക്കാലിക റസിഡന്‍സ് നല്കിയിരുന്നു. കോവിഡിന് തൊട്ടുമുമ്പായി രാജ്യത്തേക്ക് എത്തിയ ആയിരക്കണക്കിന് ആളുകള്‍ക്ക് ഇതിന്‍റെ ഗുണഫലം ലഭിച്ചിരുന്നു.സന്ദര്‍ശക വീസയില്‍ വന്നവരുടെ മൂന്നു മാസത്തെ തല്‍ക്കാലിക കാലാവധി ആഭ്യന്തര മന്ത്രാലയ വെബ്‌സൈറ്റിൽ സ്വപ്രേരിതമായി പുതുക്കുന്നതിനാല്‍ സ്പോൺസറോ ബിസിനസ് ഉടമയോ മറ്റ് വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.

രാജ്യത്തിനു പുറത്ത്‌ കഴിയുന്നവർ 6 മാസത്തിനകം തിരിച്ചെത്തിയില്ലെങ്കിൽ താമസരേഖ സ്വമേധയ റദ്ധാകുമെന്ന നിബന്ധന ബാധകമാകില്ലെന്ന പുതിയ തീരുമാനം മലയാളികള്‍ അടക്കമുള്ള വിദേശികള്‍ക്ക് ഏറെ ആശ്വാസമാകും.

റിപ്പോർട്ട്: സലിം കോട്ടയിൽ