സൗ​ദി​യി​ൽ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന; ഇനി ചി​കി​ത്സ​യി​ലു​ള്ള​ത് 41205 പേ​ർ
Thursday, July 30, 2020 10:31 PM IST
റി​യാ​ദ്: അ​നു​ദി​നം രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണത്തിൽ വർധനയുണ്ടാകുന്നത് സൗദിക്ക് ആശ്വാസത്തിന് വക നൽകുന്നു. ബു​ധ​നാ​ഴ്ച 2945 പേ​ർ​ കൂ​ടി രോ​ഗ​മു​ക്തി​യാ​യതോടെ ആകെ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 272590 ആ​യി. 27 പേ​ർ കൂ​ടി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​തോ​ടെ മ​ര​ണ​സം​ഖ്യ 2816 ആ​യ​താ​യും ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.

സൗ​ദി​യി​ൽ പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് 1759 പേ​ർ​ക്ക് മാ​ത്ര​മാ​ണ്. ഇ​ത് ജൂ​ണി​നു​ശേ​ഷം രാ​ജ്യ​ത്ത് രേ​ഖ​പ്പെ​ടു​ത്തു​ന്ന ഏ​റ്റ​വും കു​റ​ഞ്ഞ രോ​ഗ​ബാ​ധ​യാ​ണ്. രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം കൂ​ടി വ​രി​ക​യും പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ക​യും ചെ​യ്യു​ന്ന​ത് ന​ല്ല സൂ​ച​ന​ക​ളാ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് വി​ല​യി​രു​ത്തു​ന്ന​ത്.

റി​യാ​ദി​ൽ ബു​ധ​നാ​ഴ്ച​യും 11 പേ​രാ​ണ് കൊ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്. ജി​ദ്ദ (8), മ​ക്ക (1), ദ​മ്മാം (2), മ​ദീ​ന (1), ഹൊ​ഫൂ​ഫ് (1), ഹ​ഫ​ർ അ​ൽ ബാ​ത്തി​ൻ (1), വാ​ദി ദ​വാ​സി​ർ (1), മ​ഹാ​യി​ൽ (1) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​റ്റു മ​ര​ണ​ങ്ങ​ൾ സം​ഭ​വി​ച്ച​ത്.

ഹൊ​ഫു​ഫി​ൽ 194 പേ​ർ​ക്ക് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. മ​ക്ക​യി​ൽ 122 പേ​ർ​ക്കും റി​യാ​ദി​ൽ 108 പേ​ർ​ക്കും പു​തു​താ​യി രോ​ഗ​ബാ​ധ​യു​ണ്ടാ​യി.

ഹ​ജ്ജി​ന്‍റെ ആ​ത്മാ​വാ​യ അ​റ​ഫാ ദി​നം ഇ​ന്നാ​ണ്. വെ​ള്ളി​യാ​ഴ്ച​യാ​ണ് ബ​ക്രീ​ദ് പെ​രു​ന്നാ​ൾ. കൊ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു കൊ​ണ്ട് വ​ള​രെ സ​മാ​ധാ​ന​പൂ​ർ​ണ​മാ​യ ഹ​ജ്ജി​ന്‍റെ ര​ണ്ടാം ദി​ന​മാ​യ ഇ​ന്ന് തീ​ർ​ത്ഥാ​ട​ക​ർ അ​റ​ഫാ മൈ​താ​നി​യി​ൽ ഒ​ത്തു​കൂ​ടി. വൈ​കു​ന്നേ​രം സൂ​ര്യാ​സ്ത​മ​യ​ത്തോ​ടെ ഒ​രു രാ​വ് ക​ഴി​ച്ചു​കൂ​ട്ടു​ന്ന​തി​നാ​യി അ​വ​ർ മു​സ്ദ​ലി​ഫ​യി​ലേ​ക്ക് നീ​ങ്ങും. തീ​ർ​ത്ഥാ​ട​കാ​രി​ൽ കൊ​വി​ഡ് രോ​ഗ​ബാ​ധ പ​ട​രാ​തി​രി​ക്കാ​നു​ള്ള എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും ഹ​ജ്ജ് മ​ന്ത്രാ​ല​യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 25 ല​ക്ഷ​ത്തി​ല​ധി​കം തീ​ർ​ഥാ​ട​ക​ർ ഒ​രു​മി​ച്ചു കൂ​ടു​ന്ന അ​റ​ഫാ സം​ഗ​മ​ത്തി​ന് ഇ​ത്ത​വ​ണ 10,000 പേ​ർ​ക്ക് മാ​ത്ര​മാ​ണ് കൊ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ള്ള​ത്.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ