സൗദിയിൽ കോവിഡ് ബാധിച്ചു തൃശൂർ സ്വദേശി മരിച്ചു
Friday, May 29, 2020 7:47 AM IST
റിയാദ്: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന തൃശൂർ ഇരിഞ്ഞാലക്കുട വെള്ളാങ്ങല്ലൂർ സ്വദേശി കൊരമുട്ടിപ്പറമ്പിൽ ബഷീർ (64) മരിച്ചു. ബദിയയിലെ കിംഗ് സൽമാൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ പനിയും തൊണ്ടവേദനയും മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈദുൽ ഫിത്ർ ദിനമായ ഞായറാഴ്ച വൈകുന്നേരമാണ് മരണം സംഭവിച്ചത്. സമ്പൂർണ ലോക്ക് ഡൗൺ കാരണം റിയാദിലുള്ള മകൻ ഷൗക്കത്തിന് ആശുപത്രിയിലെത്താൻ സാധിച്ചിരുന്നില്ല. ലോക്ക് ഡൗൺ അവസാനിച്ച വ്യാഴാഴ്ച ആശുപത്രിയിൽ അന്വേഷിച്ചെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്.

12 വർഷമായി റിയാദിലുള്ള ബഷീർ മലസിലെ ഒരു ബൂഫിയയിൽ ജോലി ചെയ്തു വരികയായിരുന്നു. റിയാദിലുള്ള മകൻ ഷൗക്കത്തിന്‍റെ കൂടാതെ ഷബ്ന എന്ന മകൾ കൂടിയുണ്ട്. സന്ദർശക വീസയിലെത്തിയ ഭാര്യ നസീറ റിയാദിലുണ്ട്. മൃതദേഹം കിംഗ് സൽമാൻ ആശുപത്രി മോർച്ചറിയിൽ.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ