മനോജ് കുറൂർ ചില്ലയിൽ
Thursday, May 28, 2020 12:47 AM IST
റിയാദ്: വൈവിധ്യങ്ങളെ സ്വാംശീകരിക്കാനുള്ള ശ്രമമാണ് വിവിധ കലാസാംസ്കാരിക വിഷയങ്ങളിലുള്ള തന്റെ ഇടപെടലുകളെന്നും അറിയാനുള്ള ആകാംക്ഷയാണ് ഇതിൽ എത്തിച്ചേരുന്നതെന്നും പ്രശസ്ത നോവലിസ്റ്റും കവിയും സാംസ്കാരിക അന്വേഷകനുമായ മനോജ്‌ കുറൂർ. റിയാദ് ചില്ലയുടെ പ്രതിവാര സാംസ്കാരിക സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രത്യക്ഷമായ രാഷ്ട്രീയ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ കലാരൂപങ്ങളെ അഭിസംബോധന ചെയ്യാതെ മൃഗചേതനയും മനുഷ്യചേതനയും തമ്മിലുള്ള സംഘർഷങ്ങളുടെ ആവിഷ്ക്കാരമായി കലാരൂപങ്ങളെ കാണുക എന്നതാണ് യഥാർഥ രാഷ്ട്രീയബോധമെന്നും മൃഗചേതനയാണ് സമകാലിക ജീവിതത്തിന്‍റെ സ്വാഭാവികതയായി മാറിയിട്ടുള്ളതെന്ന സത്യം നമ്മെ ഭയപ്പെടുത്തുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

"കലയുടെ നേരങ്ങൾ; സംസ്കാരത്തിന്‍റെ ഇടങ്ങൾ' എന്ന ശീർഷകത്തിൽ നടന്ന പരിപാടിയിൽ ഇഖ്ബാൽ കൊടുങ്ങല്ലൂർ, വിപിൻ കുമാർ, നജിം കൊച്ചുകലുങ്ക്, ലീന കൊടിയത്ത്, കനകരാജ് ബി, സുരേഷ് ലാൽ, ആർ മുരളീധരൻ, മൻഷാദ്, അഖിൽ ഫൈസൽ, സുലൈഖ ആർ സലാം, ബഷീർ കാഞ്ഞിരപ്പുഴ, സീബ കൂവോട്, ബീന, എം ഫൈസൽ, സുനിൽ ഏലംകുളം, മുരളി കടമ്പേരി, റിയാസ് മുഹമ്മദ്, നൗഷാദ് കോർമത്ത് എന്നിവർ സംസാരിച്ചു.

ചില്ല സംഘടിപ്പിക്കുന്ന വെർച്വൽ വായനാ-സംവാദ പരമ്പരയിലെ അടുത്ത അധ്യായത്തിൽ എസ് ഹരീഷ് പങ്കെടുക്കും. മേയ് 29 നു (വെള്ളി)ആണ് പരിപാടി.