സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു
Thursday, April 9, 2020 9:38 PM IST
റിയാദ്: രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ 24 മണിക്കൂറിനകം വൻ വർധനവ് ആണ് രേഖപ്പെടുത്തിയത്. 355 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 3287 ആയി. ഗൾഫ് നാടുകളിൽ ഇത് 10000 കടന്നു.
ഇന്നു മൂന്നു പേർകൂടി സൗദിയിൽ മരണത്തിനു കീഴടങ്ങി. ഇതോടെ ആകെ മരണം 44 ആയി.
മുപ്പത്തഞ്ചു രോഗികൾ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 666 ആയതായും ആരോഗ്യ വകുപ്പ് വക്താവ് ഡോ. മുഹമ്മദ് അൽ ആലി പറഞ്ഞു.

സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തിലുള്ള വർധനവ് ആശ്വാസകരമാണ്. റിയാദിൽ ഇനി 691 പേരാണ് പോസിറ്റീവ് ആയുള്ളത്. മക്ക (508), മദീന (397), ജിദ്ദ (346), ഖത്തീഫ് (149), ദമാം (122) എന്നിങ്ങനെയാണ് ചികിത്സയിലുള്ള കോവിഡ് രോഗികളുടെ കണക്ക്. ഇന്ന് സ്ഥിരീകരിച്ച രോഗികളിൽ അധികവും മദീനയിലാണ്. 89 പേരാണ് മദീനയിൽ പുതുതായി രോഗം പിടിപെട്ടവർ. റിയാദിൽ 83 പേരും മക്കയിൽ 78 പേർക്കും പുതുതായി രോഗം ബാധിച്ചു. സൗദി അറേബ്യയുടെ മിക്ക നഗരങ്ങളിലും 24 മണിക്കൂർ കർഫ്യു നിലനിൽക്കുകയാണ്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ