കോവിഡ് 19 പ്രതിരോധം; സ്വകാര്യ മേഖലയിലെ ഡോക്ടർമാരേയും നഴ്‌സുമാരെയും സഹകരിപ്പിക്കുവാന്‍ തീരുമാനം
Thursday, April 9, 2020 9:19 PM IST
കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് വ്യാപനം ശക്തമാകുന്നതിനിടെ സ്വകാര്യ മേഖലയിലെ ഡോക്ടർമാരെയും നഴ്സുമാരെയും പാര മെഡിക്കൽ ജീവനക്കാരെയും കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചതായി അൽ ഖബസ് പത്രം റിപോർട്ട് ചെയ്തു.

മാഹാമാരിയായ കൊറോണക്കെതിരെയുള്ള രോഗപ്രതിരോധത്തിനും ചികിത്സക്കും സ്വകാര്യ മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട ഡോക്ടർമാരുടെയും നഴ്സിംഗ് സ്റ്റാഫുകളുടെയും പാരിചയസമ്പത്ത് ഉപയോഗപ്പെടുത്തുവാനാണ് മന്ത്രാലയത്തിന്‍റെ ശ്രമം. ആരോഗ്യ മന്ത്രാലയത്തിലെ സാങ്കേതിക കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയുടെ ഓഫീസിലേക്ക് സന്നദ്ധ പ്രവര്‍ത്തനം നടത്താനുള്ള ഡോക്ടർമാര്‍ അപേക്ഷ സമര്‍പ്പിക്കണമെന്നും നഴ്സിംഗ് സ്റ്റാഫുമായി ബന്ധപ്പെട്ട അഭ്യർഥനകൾ മെഡിക്കൽ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയുടെ ഓഫീസിലേക്ക് സമർപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അതിനിടെ കോവിഡ് ചികിത്സക്ക് കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്ക് പ്ലാസ്മ ശേഖരണം ആരംഭിച്ചു. കോവിഡ് ബാധിച്ചശേഷം രോഗമുക്തി നേടിയവരുടെ രക്തത്തിൽനിന്ന് പ്ലാസ്മ ശേഖരിച്ച് നിലവിലെ രോഗികൾക്ക് കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്. കോവിഡ് ബാധിച്ചവരുടെ ചികിത്സക്ക് ഇത് പ്രയോജനപ്പെടുമെന്ന് രക്തദാന വിഭാഗം മേധാവി ഡോ. റീം അൽ റൗദാൻ പറഞ്ഞു. കോവിഡ് രോഗമുക്തി നേടിയവിൽനിന്ന് പ്ലാസ്മ ശേഖരിച്ച് നിലവിലെ രോഗികളിൽ പകരുന്നതോടെ പ്രതിരോധ ശേഷി വർധിപ്പിക്കും.ലോകാരോഗ്യ സംഘടനയുടെയും അമേരിക്കൻ അസോസിയേഷൻ ഒാഫ് ബ്ലഡ് ബാങ്കിന്‍റെയും മാനദണ്ഡങ്ങൾക്കനുസരിച്ച് കോവിഡ് മുക്തമായി വീട്ടുനിരീക്ഷണം കൂടി പൂർത്തിയായ ഉടനെയാണ് പ്ലാസ്മ ശേഖരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ