പ്രവാസി സമൂഹത്തെ ആശങ്കയിലാക്കി ഗൾഫിൽ കോവിഡ് രോഗം പടരുന്നു
Wednesday, April 8, 2020 6:41 PM IST
റിയാദ്: സാമ്പത്തിക സ്രോതസുകൾ ഒന്നൊന്നായി അടയുന്നതോടൊപ്പം കൊറോണ വൈറസ് ബാധ തങ്ങളെയും കീഴടക്കുമോ എന്ന ഭീതിയും ഗൾഫിലുള്ള പ്രവാസി സമൂഹത്തെ കൂടുതൽ ആശങ്കകളിലേക്കും അനിശ്ചിതത്വത്തിലേക്കും തള്ളി നീക്കുന്നു. ആറ് ജി സി സി രാജ്യങ്ങളിലും കോവിഡ് വൈറസ് വ്യാപനം ഭീതി പടർത്തി മുന്നേറുകയാണ്.

ദിവസേന രോഗബാധിതരുടെ എണ്ണം കൂടി വരുന്നു. മിക്ക പ്രദേശങ്ങളിലും 24 മണിക്കൂർ കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. ചൊവ്വാഴ്ചയിലെ കണക്കനുസരിച്ച് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം ജിസിസി രാജ്യങ്ങളിൽ 9000 കടന്നിരിക്കുകയാണ്. തൊഴിലിടങ്ങളിൽ അവശ്യ സർവീസുകൾ ഒഴികെ മറ്റെല്ലാം അടച്ചിട്ടിരിക്കുകയാണ്. അവയിൽ എത്ര എണ്ണത്തിന് വീണ്ടും തുറന്ന് പ്രവർത്തിക്കാൻ സാധ്യമാകും എന്നതു പോലും അനിശ്ചിതത്വത്തിലാണ്.

സൗദി അറേബ്യയിലെയും യുഎഇ യിലെയും ഖത്തറിലേയും സ്ഥിതി ഏറെ ഗുരുതരമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രോഗികളുടെ എണ്ണം അനുദിനം വർധിച്ചു വരുന്നത് ആശങ്കപ്പെടുത്തുകയാണെന്നും കൂടുതൽ കടുത്ത നടപടികൾ വേണ്ടി വരുമെന്നും അതാത് രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാർ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.

സൗദി അറേബ്യയിൽ കോവിഡ് 19 പ്രതിരോധത്തിന്‍റെ അടുത്ത ഘട്ടം ഏറെ സുപ്രധാനമാണെന്നും സ്ഥിഗതികൾ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതായുമുള്ള സൂചനകൾ ചൊവ്വാഴ്ച ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് റബീഅ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇന്നലെ മാത്രം മൂന്നു പേർ മരണപ്പെട്ടതോടെ സൗദിയിൽ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 41 ആയി. 185 പേർക്ക് ചൊവ്വാഴ്ച രോഗം ബാധിച്ചു. ഇതോടെ അകെ രോഗബാധിതരുടെ എണ്ണം 2795 ആയി. ഇതിൽ 615 പേർ സുഖം പ്രാപിച്ചു എങ്കിലും രോഗവ്യാപനത്തിന്റെ തോത് ക്രമാതീതമായി വർധിക്കുന്നതായാണ് ആരോഗ്യ മന്ത്രി പറഞ്ഞത്.

പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കടുപ്പിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും 24 മണിക്കൂർ കർഫ്യു ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ജനങ്ങൾ സാമൂഹ്യ വ്യാപനം തടയാനുള്ള നിർദ്ദേശങ്ങൾ അവഗണിക്കുന്നതായി ശ്രദ്ധയിൽ പെട്ടതായും നിയന്ത്രണങ്ങൾ കടുപ്പിക്കാതെ രക്ഷയില്ലെന്നുമാണ് ആരോഗ്യ വകുപ്പ് പറയുന്നത്. രോഗലക്ഷണങ്ങൾ കാണുന്ന മുഴുവനാളുകളെയും ക്വാറന്‍റൈൻ കാലത്ത് വീടുകളിൽ പാർപ്പിക്കാതെ പ്രത്യേകം സജ്ജമാക്കിയ സ്ഥലങ്ങളിൽ നിരീക്ഷണത്തിൽ വയ്ക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഈ പ്രവർത്തനങ്ങൾക്കായി 15 ബില്യൺ റിയാൽ നീക്കി വച്ചതായും മന്ത്രി അറിയിച്ചു. വരും ദിവസങ്ങളിൽ രോഗം അനിയന്ത്രിതമായി പടരാൻ സാധ്യതയുണ്ടെന്നും ഒന്ന് രണ്ടാഴ്ചക്കകം രോഗികളുടെ എണ്ണം ലക്ഷങ്ങളിലേക്ക് എത്തിയേക്കാമെന്നും മന്ത്രി പറഞ്ഞു.

വ്യാപാര കേന്ദ്രങ്ങളിലെ ജനക്കൂട്ടം നിയന്ത്രിക്കണമെന്നും പൊതു സ്ഥലങ്ങളിൽ അനാവശ്യമായി നിൽക്കുന്നവരെ കണ്ടാൽ കനത്ത പിഴ ഈടാക്കുമെന്നും ആരോഗ്യ വകുപ്പ് വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു. ഭക്ഷണം കഴിയുന്നതും വീടുകളിൽ തന്നെ പാകം ചെയ്യണമെന്നും ഹോട്ടലുകളെ ആശ്രയിക്കാതിരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.

ഈ പ്രത്യേക സാഹചര്യത്തിൽ ബിസിനസ് രംഗത്തെ തകർച്ച ഒഴിവാക്കാൻ തൊഴിൽ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള അവകാശം മാനേജ്‌മെന്‍റിനു സർക്കാർ നൽകിയിട്ടുണ്ട്. തൊഴിലാളികളുമായുള്ള കരാർ അവസാനിപ്പിക്കാമോ ശമ്പളം വെട്ടിക്കുറയ്ക്കാനോ ശമ്പളമില്ലാതെ അവധി നൽകാനോ ഇനി മാനേജ്‌മെന്‍റിനു അവകാശമുണ്ടായിരിക്കും. ഇതോടെ തൊഴിൽ നഷ്ട്ടപ്പെടുന്ന വലിയൊരു എണ്ണം പ്രവാസികൾ നാട്ടിലേക്ക് വെറും കയ്യോടെ മടങ്ങാൻ നിർബന്ധിതരാകും.

സാധാരണക്കാരായ പ്രവാസികളാണ് സൗദി അറേബ്യയിലെ 27 ലക്ഷം വരുന്ന ഇന്ത്യക്കാരിൽ ഏറെയും. അതിൽ തന്നെ ഭൂരിഭാഗവും മലയാളികളാണ്. ഇവരെ സംബന്ധിച്ചിടത്തോളം ഒരാഴ്ച പോലും റൂമിലിരുന്നാൽ പട്ടിണിയാകുന്ന അവസ്ഥയാണുള്ളത്. അതോടൊപ്പം ഇവരെ ആശ്രയിച്ചു കഴിയുന്ന നാട്ടിലെ ബന്ധുമിത്രാതികളുടെയും അവസ്ഥ പരിതാപകരമായിരിക്കും. ഈ ഒരു വലിയ പ്രതിസന്ധിയെയാണ് വരും ദിവസങ്ങളിൽ പ്രവാസലോകം നേരിടാൻ പോകുന്നത്. ഇപ്പോൾ തന്നെ രോഗ ലക്ഷണങ്ങളുമായി നിരവധി ഇന്ത്യക്കാർ സൗദിയിൽ ഐസൊലേഷൻ കേന്ദ്രങ്ങളിൽ കഴിയുന്നുണ്ട്. കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ച രണ്ട് മലയാളികൾ ഇതിനകം സൗദിയിൽ മരണത്തിനു കീഴടങ്ങിയിട്ടുണ്ട്. അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും അവരുമായി ഇടപഴകിയവരും ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുകയാണ്. രോഗലക്ഷണങ്ങൾ കാണിച്ച പലരുടെയും സാമ്പിളുകൾ വിദഗ്ധ പരിശോധനക്കായി നൽകിയിരിക്കുകയാണ്.

കേരളത്തിന്‍റെ സാമ്പത്തിക സ്രോതസിലെ നെടുംതൂണായി നിന്നിരുന്ന പ്രവാസി സമൂഹത്തിനു നേരിട്ടിരിക്കുന്ന പ്രതിസന്ധിയിൽ പ്രവാസി പെൻഷൻ പദ്ധതിയിൽ നിന്നടക്കം സഹായധനം പ്രഖ്യാപിച്ചു കൊണ്ട് സഹായിക്കാൻ കേരള സർക്കാർ മുന്നോട്ടു വരണമെന്ന് വിവിധ പ്രവാസി സംഘടനകൾ ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ