കോവിഡ് 19: സൗദിയിൽ രോഗികളുടെ എണ്ണത്തിൽ വൻ വർധന
Tuesday, April 7, 2020 7:52 PM IST
റിയാദ്: സൗദിയിൽ കഴിഞ്ഞ 12 മണിക്കൂറിനിടെ 147 പേർക്കു കൂടി കൊറോണ വൈറസ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗം ബാധിതരുടെ എണ്ണം 2752 ആയി. റിയാദിൽ 56 പേർക്കും മക്കയിൽ 21 പേർക്കും ജിദ്ദയിൽ 27 ആളുകൾക്കും മദീനയിൽ 24 പേർക്കും ഖത്തീഫിൽ എട്ടു പേർക്കും ദമാമിൽ നാല് പേർക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

സൗദി അറേബ്യയുടെ മിക്ക നഗരങ്ങളിലും ഇന്നു മുതൽ 24 മണിക്കൂർ കർഫ്യു പ്രാബല്യത്തിൽ വന്നു. കൊറോണ വൈറസ് ബാധ കാരണം കടുത്ത നിയന്ത്രണങ്ങൾ നില നിൽക്കുന്നതിനാൽ സ്തംഭനത്തിലായ സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് ജോലിക്കാരുമായുള്ള കരാർ വ്യവസ്ഥകളിൽ മാറ്റം വരുത്താനുള്ള അവകാശം ഉണ്ടായിരിക്കുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറക്കാനും ശമ്പളമില്ലാതെ അവധി നൽകാനും ഇതുമൂലം മാനേജ്മെന്‍റിനു അധികാരമുണ്ടായിരിക്കും. വ്യവസ്ഥകൾക്ക് വിധേയമായി തൊഴിൽ കരാറുകൾ അവസാനിപ്പിക്കാനും കമ്പനികൾക്ക് അവകാശമുണ്ടാകും. അപ്രതീക്ഷിതമായുണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങളിൽ കരാർ വ്യവസ്ഥകൾ ഭേദഗതി ചെയ്യാൻ ലേബർ നിയമങ്ങൾ അനുമതി നൽകുന്നതായും മന്ത്രാലയം പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ