രാജ്യം കടന്നുപോകുന്നത് ഏറ്റവും പ്രധാനപ്പെട്ടതും നിർണായകവുമായ ഘട്ടത്തിലൂടെ: ആരോഗ്യമന്ത്രി ഡോ. ബാസൽ അൽ സബ
Tuesday, April 7, 2020 6:14 PM IST
കുവൈത്ത് സിറ്റി : കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ രാജ്യം കടന്നുപോകുന്നത് ഏറ്റവും പ്രധാനപ്പെട്ടതും നിർണായകവുമായ ഘട്ടത്തിലൂടെ ആണെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ബാസൽ അൽ സബ.

മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ അണുബാധയുടെ ചുറ്റുപാടുകളും അവയുടെ വ്യാപനവും നമ്മള്‍ അറിഞ്ഞിരിക്കണം കൂടാതെ വൈറസ് പടരാതിരിക്കാനുള്ള ലക്ഷ്യത്തോടെ രോഗബാധിതരുമായി അടുത്ത ബന്ധം പുലർത്തുന്ന ആളുകളെ സാമൂഹ്യ അകലത്തില്‍ നിര്‍ത്തുവാനും കൃത്യമായ ചികിത്സ എത്തിക്കുവാനും എല്ലാവരും ശ്രദ്ധിക്കണം. ഒരുമിച്ചുള്ള പ്രവര്‍ത്തനത്തോടെ നമ്മള്‍ തീര്‍ച്ചയായും ഈ വിഷമകരമായ സാഹചര്യം മറികടക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

സര്‍ക്കാര്‍ മുന്‍കരുതലുകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. പൊതുസുരക്ഷയ്ക്കായി എല്ലാവരോടും ക്ഷമയോടെ കാത്തിരിക്കണമെന്നും ജീവന്‍ പോലും പണയപ്പെടുത്തി കൊറോണക്കെതിരെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നില്‍ രാജ്യം കടപ്പെട്ടിരിക്കുന്നുവെന്നും ഡോ. ബാസൽ അൽ സബ പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ