കിംവദന്തികൾ അവഗണിക്കണമെന്ന് കുവൈറ്റ് സർക്കാർ
Thursday, March 26, 2020 5:28 PM IST
കുവൈത്ത് സിറ്റി : കോവിഡ് 19 വൈറസ് ബാധയുമായി ബന്ധപെട്ടു വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന താക്കീതുമായി കുവൈത്ത് സര്‍ക്കാര്‍. വ്യാജ അഭ്യൂഹങ്ങളും കെട്ടിച്ചമച്ച വീഡിയോ ക്ലിപ്പുകളും ജനങ്ങൾ അവഗണിക്കണമെന്ന് വാർത്താസമ്മേളനത്തിൽ സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്രം അഭ്യര്‍ഥിച്ചു.

കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ അഭ്യൂഹങ്ങളും വ്യാജ റിപ്പോർട്ടുകളും വ്യാപകമായിരിക്കുകയാണ്. അടിസ്ഥാന രഹിതമായ വാർത്തകളും ഊഹാപോഹങ്ങളും അതനുസരിച്ചുള്ള വീഡിയോ, ഓഡിയോ ക്ലിപ്പുകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ സ്വീകരിക്കും. രാജ്യത്തെ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം പുറത്തിറക്കുന്ന വിവരങ്ങളാണ് അവസാന വാക്ക്. മന്ത്രാലയത്തിന്‍റേതല്ലാത്ത ഓഡിയോ, വീഡിയോ ക്ലിപ്പുകളോ വാർത്തകളോ പ്രചരിപ്പിക്കരുതെന്നും കൂട്ടംകൂടുന്ന സാഹചര്യങ്ങൾ പൂർണമായും ജനങ്ങൾ ഒഴിവാക്കണമെന്നും താരിഖ് അല്‍ മസ്രം അറിയിച്ചു.

രാജ്യത്ത് മുഴുവൻ കർഫ്യൂ നടപ്പാക്കിയാൽ ജനങ്ങൾക്ക് അവശ്യസാധനങ്ങൾ എങ്ങനെ വിതരണം ചെയ്യുമെന്ന് ചോദിച്ചപ്പോൾ, ഡെലിവറി സംവിധാനം കണ്ടെത്തുന്നതിന് സർക്കാർ അടിയന്തര സംഘം സഹകരണ സംഘങ്ങളുടെയും സൂപ്പർമാർക്കറ്റുകളുടെയും പ്രതിനിധികളുമായി ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. “സ്ഥിതി മെച്ചപ്പെടുന്നതുവരെ” അമിതമായ ഷോപ്പിംഗും ഭക്ഷണവും മറ്റു സാധനങ്ങളും ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് അൽ മെർസെം കുവൈത്തിലെ ജനങ്ങളോട് അഭ്യർഥിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ